കുട്ടനാട്: 84 ാം വയസിൽ മൂന്ന് കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ച് പോളിംഗ് ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തി ത്രേസ്യാമ്മ. നെടുമുടി പഞ്ചായത്ത് നാലാം വാർഡ് ചേന്നങ്കരി നെരയത്ത് വീട്ടിൽ ത്രേസ്യാമ്മ ദേവമാതാ സ്കൂളിലെ 67-ാം നമ്പർ ബൂത്തിലാണ് തനച്ചെത്തി വോട്ട്ചെയ്തത്. 85 കഴിഞ്ഞ എല്ലാവർക്കും ഇപ്രാവശ്യം വീട്ടീൽ വോട്ടു ചെയ്യുവാനുള്ള സൗകര്യം ഇലക്ഷൻ കമ്മീഷൻ ഒരുക്കിയിരുന്നെങ്കിലും, വോട്ടേഴ്സ് ലിസ്റ്റിൽ ഒരു വയസിന്റെ കുറവ് ത്രേസ്യാമ്മയ്ക്ക് തിരിച്ചടിയായി. ചുട്ടുപൊള്ളുന്ന വെയിലിൽ മൂന്ന് കിലോമീറ്ററോളം ദൂരം കാൽനടയായി സഞ്ചരിച്ച് പിന്നീട് ഒരു കടത്തും കൂടി കടന്നാണ് ഇവർ ബൂത്തിലെത്തിയത്. 16 വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ച ത്രേസ്യാമ്മ തൊഴിലുറപ്പിന് പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. രണ്ട് ആൺമക്കളുണ്ടെങ്കിലും മൂത്തമകന്റെ താമസം ദൂരെയാണ്. ഇളയമകന് ചെവികേൾക്കാനോ കണ്ണുകാണാനോ സാധിക്കാത്തതിനാൽ പുറത്തേക്ക് പോകുമ്പോൾ ഇവർക്ക് കൂട്ടിന് ആരുമില്ല. ബൂത്തിലെത്തിയ ഇവർക്ക് തുണയായത് അങ്കണവാടി അദ്ധ്യാപികയും ബൂത്ത് ലെവൽ ഏജന്റുമായ ബിജിയാണ്.