a

മാവേലിക്കര:രോഗം ശരീരം തളർത്തിയെങ്കിലും വിനീഷിന്റെ പൗരബോധം ഇത്തവണയും നാട്ടുകാർ തിരിച്ചറിഞ്ഞു. മസ്‌ക്യൂലർ ഡിസ്ട്രോഫ്യ അസുഖത്താൽ അരയ്ക്ക് താഴെ തളർന്ന ചെട്ടികുളങ്ങര ഈരേഴ വടക്ക് വിനീഷ് ഭവനത്തിലെ വിനീഷ് വി.ഗോപാലാണ് പതിവ് തെറ്റാക്കാതെ വോട്ട് ചെയ്യാനെത്തിയത്. പനച്ചമൂട് കണ്ണമംഗലം ഗവ. യു.പി.എസിലെ 31ാം ബൂത്തിലാണ് വിനീഷ് വോട്ട്‌ രേഖപ്പെടുത്തിയത്. മൂന്ന് ചക്ര വാഹനത്തിൽ എത്തിയ വിനീഷിനെ എടുത്താണ് വീൽ ചെയറിൽ ഇരുത്തി ബൂത്തിലേക്ക് എത്തിച്ചത്. ത്രീ വീലറിൽ നടന്ന് ലോട്ടറി കച്ചവടം നടത്തിയാണ് വിനീഷ് വി. ഗോപാൽ ഉപജീവന മാർഗം കണ്ടെത്തുന്നത്. പേശീക്ഷയം രോഗം ബാധിച്ച് അരയ്ക്കു താഴെ തളർന്ന സഹോദരി വിനീതക്കൊപ്പമാണ് മുമ്പ് വോട്ട് ചെയ്യാൻ എത്തിയിരുന്നത്. 2021ൽ പാലക്കാട്ട് വിവാഹം കഴിച്ച് പോയതിനാൽ ഇപ്രാവശ്യം വിനീഷ് തനിച്ചാണ് വോട്ടിന് എത്തിയത്.