s

ആലപ്പുഴ : നാടിളക്കിയുള്ള പ്രചരണത്തിനൊടുവിൽ നടന്ന വോട്ടെടുപ്പിൽ പോളിംഗ് ശതമാനത്തിലുണ്ടായ വലിയ കുറവ് ആശങ്കയുയർത്തുമ്പോഴും അവകാശവാദങ്ങളുയർത്തി കൂട്ടിക്കിഴിക്കലുകളിൽ മുഴുകുകയാണ് മുന്നണി നേതൃത്വങ്ങൾ. മൂന്നുമുന്നണികളിലും ബൂത്ത് തലത്തിൽ നിന്നുള്ള കണക്കുകൾ ഇന്നലെ വൈകുന്നേരത്തോടെ ജില്ലാ നേതൃത്വങ്ങൾക്ക് മുന്നിലെത്തിയിട്ടുണ്ട്. ഇതിലുള്ള അവലോകനമാകും ഇനി നടക്കുക.

സിറ്റിംഗ് എം.പി എൽ.ഡി.എഫിലെ എ.എം.ആരിഫും സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും ബി.ജെ.പിയുടെ കരുത്തയായ നേതാവ് ശോഭാ സുരേന്ദ്രനും ഏറ്റുമുട്ടിയ ആലപ്പുഴ ലോക്സഭ മണ്ഡലത്തിലെ മത്സരം ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്നതാണ്. എന്നാൽ, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനവുമായി (84.3) താരതമ്യം ചെയ്യുമ്പോൾ ആലപ്പുഴയിൽ ഇത്തവണ 9.3 ശതമാനത്തിന്റെ കുറവാണ് പോളിംഗിലുണ്ടായത്. ഇത് ആരെ ബാധിക്കുമെന്ന ആശങ്കയിലാണ് മുന്നണികൾ. ആലപ്പുഴയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് ശതമാനത്തിൽ 3.91 മുതൽ 5.99 ശതമാനത്തിന്റെ വരെ കുറവാണ് സംഭവിച്ചിട്ടുള്ളത്.

ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ 2019ൽ 77.2ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ അത് 65.91ആയി. 11.29 ശതമാനമാണ് അന്തരം.

ആലപ്പുഴ ലോക്സഭ മണ്ഡലത്തിൽ കരുനാഗപ്പള്ളിയും ഹരിപ്പാടും ഒഴികെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഇടത് എം.എൽ.എമാരാണുള്ളത്. മാവേലിക്കരയിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളും ഇടതുമുന്നണിയുടെ കുത്തകയാണ്.

വില്ലൻ ചൂട്

പകൽ സമയത്തെ അത്യുഗ്രചൂടാണ് പോളിംഗ് ശതമാനത്തിലെ കുറവിന് കാരണമെന്നാണ് മുന്നണികൾ കണക്ക് കൂട്ടുന്നത്.

വോട്ടിംഗ് മെഷീന്റെ വേഗതക്കുറവ് കാരണം ബൂത്തുകളിൽ മണിക്കൂറുകളോളം വോട്ടർമാർക്ക് ക്യൂ നിൽക്കേണ്ടിവന്നതും പോളിംഗിനെ പ്രതികൂലമായി ബാധിച്ചതായി യു.ഡി.എഫ് കുറ്റപ്പെടുത്തുന്നു.

മുന്നണികളും അവകാശവാദവും

1.ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ കരുനാഗപ്പള്ളി, ഹരിപ്പാട്, ആലപ്പുഴ നിയമസഭാ മണ്ഡലങ്ങളിൽ മേൽക്കൈ നേടുന്നതിനൊപ്പം തീരദേശവോട്ടുകളും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ വിശ്വാസം. മറ്റ് നിയമസഭാ മണ്ഡലങ്ങളിൽ ഇടത്, ബി.ജെ.പി വോട്ടുകളിലെ ചോർച്ചയും തങ്ങൾക്ക് അനുകൂലമാകുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ കരുതുന്നു

2.മണ്ഡലത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഭൂരിപക്ഷം ലഭിക്കുമെന്നാണ് ഇടതുകേന്ദ്രങ്ങൾ വെളിപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ തുടക്കം മുതലുണ്ടായിരുന്ന മേൽക്കൈ രണ്ട് മണ്ഡലങ്ങളിലും ഇടതുമുന്നണിയ്ക്ക് നേട്ടമാകുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.

3.ഇരുമുന്നണികളുടെയും കണക്കുകൂട്ടൽ തെറ്റിക്കുന്നതാണ് തങ്ങളുടെ വോട്ടിംഗെന്ന് എൻ.ഡി.എ അവകാശപ്പെടുന്നു. ആലപ്പുഴയ്ക്കൊരു കേന്ദ്രമന്ത്രിയെന്ന നിലയിൽ സ്ഥാനാർത്ഥിയുടെ കടന്നുവരവും ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് മണ്ഡലം ഇളക്കി മറിച്ച് നടത്തിയ പ്രചരണവും അമിത് ഷായുടെ വരവും അട്ടിമറി വിജയത്തിന് ഇടയാക്കുമെന്നാണ് എൻ.ഡസി.എ കണക്കുകൂട്ടൽ

മാവേലിക്കര ലോക്സഭാ മണ്ഡലം

2024............ 65.91%

2019...............77.2%

നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ്

(മണ്ഡലം, ഇപ്പോഴത്തെ പോളിംഗ്, 2019ലെപോളിംഗ്, വ്യത്യാസം ശതമാന ക്രമത്തിൽ )

കുട്ടനാട്.........- 66.29....76.28....9.99

മാവേലിക്കര..-65.47.....74.53....9.06

ചെങ്ങന്നൂർ...-62.06.....70.19....8.13

കുന്നത്തൂർ....-70.76.....77.78....7.02

കൊട്ടാരക്കര...67.40....73.81.....6.41

പത്തനാപുരം..65.13....73.69.....8.56

ചങ്ങനാശേരി..-63.87....72.62....8.75

ആലപ്പുഴ

2024..........75.05

2019..........84.3

നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ്

(മണ്ഡലം, ഇപ്പോഴത്തെ പോളിംഗ്, 2019ലെപോളിംഗ്, വ്യത്യാസം (ശതമാന ക്രമത്തിൽ) )

അരൂർ..............78.01.....83.67....5.66

ചേർത്തല........79.78.....84.98....5.2

ആലപ്പുഴ..........76.02.....80.44....4.42

അമ്പലപ്പുഴ......74.52....78.43....3.91

ഹരിപ്പാട്...........72.38....78.16....5.78

കായംകുളം......70.65....76.55....5.99

കരുനാഗപ്പളളി....73........78.23.... 5.23