
അമ്പലപ്പുഴ: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കാത്തിരുപ്പുകേന്ദ്രങ്ങൾ പൊളിച്ചുമാറ്റിയതോടെ കൊടുംചൂടിൽ വെന്തുരുകി യാത്രക്കാർ. ദേശീയപാതയിൽ കളർകോട് മുതൽ തോട്ടപ്പള്ളി വരെയുള്ള ഭാഗങ്ങളിലെ കാത്തിരിപ്പു കേന്ദ്രങ്ങളാണ് പൊളിച്ചുനീക്കിയത്. നിലവിൽ ഈ ഭാഗത്ത് ബസ് കാത്തുനിൽക്കാൻ പ്രത്യേക കേന്ദ്രങ്ങളൊന്നുമില്ല. കൊടുംചൂടിൽ സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പടെ വെന്തുരുകി വഴിവക്കിൽ കാത്തുനിൽക്കേണ്ട ഗതികേടിലാണ്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സ്ഥിതി ചെയ്യുന്ന വണ്ടാനത്തിന്റെ കിഴക്കുഭാഗത്ത് ടാർപ്പോളിൻ വലിച്ചുകെട്ടി അതിന്റെ തണലിലാണ് കാത്തിരിപ്പ്. ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാരും രോഗികളും ബന്ധുക്കളുമെല്ലാം പൊടിതിന്നുവേണം ഇവിടെ കാത്തുനിൽക്കാൻ. പുന്നപ്ര കളിത്തട്ട് ഭാഗത്ത് മെറ്റൽക്കൂനകൾക്ക് മുകളിലാണ് ബസ് കാത്തുനിൽപ്പ്.