ആലപ്പുഴ : യുവക്കൾക്കിടയിലെ ലഹരി ഉപയോഗവും വിപണനവും തടയുന്നത് ലക്ഷ്യമാക്കി എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ യൂത്ത്മൂമെന്റ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച 'ഉണർവ് 2024' ലഹരിവിരുദ്ധ ബോധവത്കരണ ക്‌ളാസ് വടക്കനാര്യാട് ശാഖയിൽ ഇന്ന് നടക്കും. രാവിലെ 9.30ന് എസ്.എൻ.ഡി.പി യോഗം 5471-ാം നമ്പർ ശാഖ ഓഡിറ്റോറിയത്തിൽ മണ്ണഞ്ചേരി സി.ഐ ബേസിൽ തോമസ് ഉദ്ഘാടനം ചെയ്യും. വർദ്ധിച്ചു വരുന്ന ആത്മഹത്യാപ്രവണത, പരീക്ഷ ഭീതി, പ്രണയനൈരാശ്യം, വിഷാദം, മാതാപിതാക്കളോടുള്ള മോശം പെരുമാറ്റം, നവമാദ്ധ്യമങ്ങളുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങളിലെ ബോധവത്കരണമാണ് ഉണർവിലൂടെ ലക്ഷ്യമിട്ടിട്ടുണ്ട്. യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് എം.രാകേഷ് അദ്ധ്യക്ഷത വഹിക്കും. ഫാമിലി കൗൺസലറും മോട്ടിവേറ്ററുമായ അനൂപ് വൈക്കം ക്‌ളാസ് നയിക്കും. അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, പ്രസിഡന്റ് പി.ഹരിദാസ് എന്നിവർ പങ്കെടുക്കും. സെക്രട്ടറി വിഷ്ണു സുരേന്ദ്രൻ സ്വാഗതവും യൂത്ത്മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് കെ.എം.മനോജ് നന്ദിയും പറയും.