
കായംകുളം : ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കായംകുളം നിയമസഭാ മണ്ഡലം ആർക്കൊപ്പം നിലകൊള്ളുമെന്ന കണക്കെടുപ്പിലാണ് മുന്നണികൾ.യു.ഡി.എഫും, എൽ.ഡി.എഫും, എൻ.ഡി.എയും കായംകുളം തങ്ങൾക്കൊപ്പമാകുമെന്ന് അവകാശപ്പെടുമ്പോൾ പോളിംഗ് ശതമാനത്തിലുണ്ടായ കുറവ് ആരെ ബാധിക്കുമെന്ന് കണ്ടറിയണം.
കായംകുളം നിയമസഭാ മണ്ഡലത്തിൽ ഇത്തവണ 70.65 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 2019 ലെ തിരഞ്ഞെടുപ്പിൽ 76.55 ശതമാനവും 2014 ലെ തിരഞ്ഞെടുപ്പിൽ 76.10 ശതമാനവും പേർ ഇവിടെ വോട്ട് ചെയ്തിരുന്നു. മുൻ തിരഞ്ഞെടുപ്പുകളേക്കാൾ ആറ് ശതമാനം കുറവ് പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്.
കായംകുളം നിയമസഭ മണ്ഡലം
കായംകുളം നഗരസഭ, ഭരണിക്കാവ്, ചെട്ടികുളങ്ങര, കണ്ടല്ലൂർ, കൃഷ്ണപുരം, ദേവികുളങ്ങര, പത്തിയൂർ പഞ്ചായത്തുകൾ ആകെ 211121 വോട്ടർമാരാണുള്ളത്. അതിൽ 90970 പുരുഷവോട്ടർമാരും 111150 സ്ത്രീ വോട്ടർമാരും ഒരു ട്രാൻസ്ജൻഡർ വോട്ടറുമുണ്ട്. 1799 പ്രവാസി വോട്ടുകളും മണ്ഡലത്തിലുണ്ട്.
മുന്നണികളുടെ പ്രതീക്ഷ
വലിയ മുന്നേറ്റം മണ്ഡലത്തിൽ എൻ.ഡി.എ പ്രതീക്ഷിക്കുന്നുണ്ട്. ശോഭാ സുരേന്ദ്രന്റെ വരവ് കായംകുളത്ത് ലീഡിന് കാരണമാകുമെന്ന് എൻ.ഡി.എ കേന്ദ്രങ്ങൾ അവകാശപ്പെടുന്നു. കെ.സി.വേണുഗോപാൽ ലീഡ് ചെയ്യുമെന്ന് പറയുമ്പോഴും സംഘടനാ ദൗർബല്യത്തിൽ യു.ഡി.എഫിന് ആശങ്കയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ എ.എം ആരിഫ് ലീഡ് ചെയ്യുമെന്ന് എൽ.ഡി.എഫ് കേന്ദ്രങ്ങൾ പറയുമ്പോൾ പ്രാദേശികമായ ചില വിഷയങ്ങൾ അവരെയും അലോസരപ്പെടുത്തുന്നു.
കഴിഞ്ഞ തവണ മുന്നേറിയത് ഇടത്
2019 ലെ ലോകസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ആയിരുന്നു ലീഡ് ചെയ്തത്. എൽ.ഡി.എഫ്. 62370 വോട്ടും, യു.ഡി.എഫ്. 58073 വോട്ടും എൻ.ഡി.എ. 31660 വോട്ടും നേടി. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫിനായിരുന്നു വിജയം. എൽ.ഡി.എഫ്. 77348 വോട്ടും യു.ഡി.എഫ്. 71050 വോട്ടും എൻ.ഡി.എ. 11413 വോട്ടും നേടി. ഈ ആധിപത്യം തുടർന്നില്ലെങ്കിൽ സി.പി.മ്മിനുള്ളിലെ പ്രശ്നങ്ങൾ മറനീക്കി പുറത്തുവരും.