
ചേർത്തല : വോട്ടെടുപ്പുകഴിഞ്ഞ് വോട്ടിംഗ് യന്ത്റങ്ങൾ സ്വീകരണകേന്ദ്രങ്ങളിൽ എത്തിക്കാനെത്തിയ പോളിംഗ് ഉദ്യോഗസ്ഥർക്ക് മാനസീക പീഡനമെന്ന് പരാതി. ചേർത്തലയിൽ ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലും അരൂരിൽ ചേർത്തല എൻ.എസ്.എസ് കോളേജുമായിരുന്നു സ്വീകരണ കേന്ദ്രങ്ങൾ.
വോട്ടെടുപ്പു വൈകിയപോലെ തന്നെ പല ബൂത്തുകളിലെയും ചുമതലക്കാർ സാമഗ്രികളെല്ലാം തിരിച്ചേൽപ്പിച്ച് മടങ്ങിയപ്പോൾ പുലർച്ചെ അഞ്ചുമണി പിന്നിട്ടിരുന്നു.
ഇതിനിടിയിൽ വിതരണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും പോളിംഗ് ഉദ്യോഗസ്ഥരും തമ്മിൽ തർക്കങ്ങളും വാക്കേറ്റവുമുണ്ടായി.സ്ഥിതി കൂടുതൽ സങ്കീർണമായത് അരൂരിലെ കേന്ദ്രമായ എൻ.എസ്.എസ് കോളേജിലായിരുന്നു. ഇതിനെതിരെ അദ്ധ്യാപകരടക്കം കളക്ടർക്കു പരാതി നൽകിയിട്ടുണ്ട്. യന്ത്റങ്ങൾ തിരികെയേൽപ്പിക്കുന്നതു മുതൽ ഭക്ഷണ വിതരണത്തിൽ വരെ തർക്കമുയർന്നു.തിരഞ്ഞെടുപ്പിന് മുമ്പുനടന്ന മൂന്ന് ഘട്ട പരിശീലനത്തിലും പറയാത്ത കാര്യങ്ങളാണ് രാത്രി വൈകി തിരഞ്ഞെടുപ്പ് സാമഗ്രികളുമായി എത്തിയപ്പോൾ പോളിംഗ് ഉദ്യോഗസ്ഥരോട് സ്വീകരിക്കാൻ നിന്നവർ ആവശ്യപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു.
രണ്ടുദിവസമായി ശരിയായ ഉറക്കമോ ഭക്ഷണമോ ലഭിക്കാതെ എത്തിയ ഉദ്യോഗസ്ഥർ ഇതോടെ ക്ഷുഭിതരായി.ഇതാണ് തർക്കങ്ങൾക്കും വാക്കേറ്റത്തിനും ഇടയാക്കിയത്.തിരഞ്ഞെടുപ്പിനു നിയോഗിക്കപ്പെട്ടവർക്കു തിരഞ്ഞെടുപ്പു ഡ്യൂട്ടി സർട്ടിഫിക്കറ്റ് നൽകാത്തതും തർക്കങ്ങൾക്ക് ആക്കം കൂട്ടി. പോളിംഗ് ഉദ്യോഗസ്ഥരായ അദ്ധ്യാപകരെയും ജീവനക്കാരേയും അപമാനിക്കുന്ന തരത്തിൽ മൈക്കിലൂടെപോലും വിളിച്ചു പറഞ്ഞെന്ന പരാതികളും ഉയർന്നിട്ടുണ്ട്.