മാന്നാർ: പാവുക്കരയിൽ സി.പി.എം -കോൺഗ്രസ് സംഘർഷത്തിൽ പരിക്കേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തു. സി.പി.എം എൽ.സി അംഗവും കെ.എസ്.കെ.ടി.യു ജില്ലാകമ്മിറ്റിയംഗവുമായ പാവുക്കര മീനത്തേരിൽ പി.ജി മനോജ്, കോൺഗ്രസ് പ്രവർത്തകരായ പ്രകാശ് എം.പി., വിദ്യാധരൻ, രാമാ വിദ്യാധരൻ എന്നിവർക്കാണ് പരിക്കേറ്റത്.

പി.ജി.മനോജിനെ മാവേലിക്കര ജില്ലാ ആശുപത്രിയിലും കോൺഗ്രസ് പ്രവർത്തകരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാന്നാർ പാവുക്കരയിലെ നാലാം നമ്പർ ബൂത്തായ മണലിൽ സ്‌കൂളിന് സമീപം തിരഞ്ഞെടുപ്പ് ദിനത്തിൽ പോളിംഗ് അവസാനിച്ചശേഷമായിരുന്നു സംഭവം. തിരഞ്ഞെടുപ്പിന് തലേദിവസം ബൂത്ത് ഓഫീസ് കെട്ടുന്നതുമായി ബന്ധപ്പെട്ട് സി.പി.എം പ്രവർത്തകരും കോൺഗ്രസുമായി ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ദിവസവും അതിന്റെ തുടർച്ചയായി വാഗ്വാദങ്ങൾ നടന്നിരുന്നു. പോളിംഗ് കഴിഞ്ഞ ശേഷം നടന്നുവരികയായിരുന്ന തന്നെ വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഒരു സംഘം കോൺഗ്രസുകാർ മർദ്ദിക്കുകയായിരുന്നുവെന്നും തടയാനെത്തിയ ഭാര്യ ലേഖനകുമാരിയെയും മർദ്ദിക്കുകയും അസഭ്യം പറഞ്ഞതായും ടി.ജി മനോജ് ആരോപിച്ചു.

കോൺഗ്രസുകാർ ആസൂത്രിതമായി നടത്തിയ ആക്രമണമാണിതെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും സി.പി.എം പ്രസ്താവിച്ചു. തിരഞ്ഞെടുപ്പിൽ ധാരാളം കോൺഗ്രസ് പ്രവർത്തകർ സജീവമായി പ്രവർത്തിച്ചതിൽ ഹാലിളകിയ സി.പി.എമ്മിലെ ചില പ്രവർത്തകരാണ് ആക്രമം അഴിച്ചുവിട്ടതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഹരികുട്ടംപേരൂർ, ബ്ലോക്ക് സെക്രട്ടറി അനിൽ മാന്തറ, കെ.എസ്.യു സംസ്ഥാന കമ്മറ്റിയംഗം അൻസിൽ അസീസ് എന്നിവർ ആരോപിച്ചു