
ചേർത്തല: കയർ കമ്പനിക്ക് തീപിടിച്ചു, 35 ലക്ഷത്തോളം രൂപയുടെ നഷ്ടം. വയലാർ പഞ്ചായത്ത് 11–ാംവാർഡ് കളവംകോടം അനിൽപുരം അജിത്തിന്റെ ഉടമസ്ഥതയിലുള്ള അനിൽപുരം കയർ കമ്പനിക്കാണ് വെള്ളിയാഴ്ച വൈകിട്ട് തീപിടിച്ചത്. വീടിന് സമീപത്തുതന്നെയാണ് കമ്പനി. തമിഴ് നാട്ടിൽ നിന്ന് ചകിരിയെത്തിച്ച് യന്ത്റത്തിന്റെ സഹായത്തോടെ കയറാക്കുന്ന ആറ് യന്ത്റങ്ങളും പൂർണമായും കത്തി നശിച്ചു. ആറ് യന്ത്റങ്ങൾക്ക് 25 ലക്ഷത്തോളം രൂപ വില വരും. യന്ത്റത്തിനൊപ്പം കയറും കഴിഞ്ഞ ദിവസം എത്തിച്ച ചികിരിയും പൂർണമായി കത്തിനശിച്ചു. ചേർത്തലയിൽ നിന്നെത്തിയ അഗ്നിശമനയുടെ 5 യൂണിറ്റ് അഞ്ചരമണിക്കൂറോളം ശ്രമിച്ച ശേഷമാണ് തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞത്. ഷോർട്ട് സർക്യുട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക വിവരം.