water-ta

ആലപ്പുഴ: വഴിച്ചേരിയിലുള്ള വാട്ടർ അതോറിട്ടി ഓഫീസ് കോമ്പൗണ്ടിലെ വാട്ടർ ടാങ്കിന്റെ തകർന്ന പടിക്കെട്ടുകൾ അപകട ഭീഷണി ഉയർത്തുന്നു. വർഷങ്ങളായി ജീർണാവസ്ഥയിൽ നിൽക്കുന്ന പടിക്കെട്ടുകൾ നന്നാക്കാൻ അധികൃതർ മുൻകൈ എടുക്കാത്തതിനാൽ സാധാരണക്കാരന്റെ തലയ്ക്ക് മുകളിൽ ഭീഷണി ഉയർത്തിയാണ് ലക്ഷക്കണക്കിന് ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിന്റെ നിൽപ്പ്. ടാങ്കിന് താഴെയുള്ള ആർ.ഒ പ്ലാന്റിൽ നിന്ന് വെള്ളമെടുക്കാൻ ദിവസേന നൂറുകണക്കിനാളുകളാണ് എത്തുന്നത്. ജനത്തിന്റെ തലയിലേക്ക് ഏതു നിമിഷവും ഇടിഞ്ഞ് വീഴാമെന്ന നിലയിലാണ് പടിക്കെട്ടുകൾ ദ്രവിച്ചു നിൽക്കുന്നത്. അപകടം ഉണ്ടായി ആരെങ്കിലും മരണപ്പെടുന്ന സ്ഥിതിയെത്താൻ കാത്തുനിൽക്കാതെ അറ്റകുറ്റപ്പണികൾ നടത്തി അപകടഭീഷണി ഒഴിവാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. എട്ട് വർഷം മുമ്പ് ഇതേ വിഷയത്തിൽ പരാതി നൽകിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു അനുകൂല നിലപാടും ഉണ്ടായില്ല. അന്നുണ്ടായിരുന്ന സ്ഥിതിയിൽ നിന്ന് ഏറെ പരിതാപകരമാണ് പടിക്കെട്ടുകളുടെ ഇപ്പോഴത്തെ അവസ്ഥ. അറ്റകുറ്റപ്പണി നടത്താൻ ജീവനക്കാർക്ക് കയറാൻ പോലും പ്രയോജനപ്പെടാത്ത നിലയിലായി ഗോവണി. നാളുകൾക്ക് മുമ്പ് ഗോവണി അപകടത്തിലാണ് സൂക്ഷിക്കുക എന്ന ബോർഡ് ഇവിടെ സ്ഥാപിച്ചിരുന്നു. കാലപ്പഴക്കത്താൽ ആ ബോർഡ് നശിച്ച് പോയിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല.

.........

# ജീർണാവസ്ഥയിൽ നിൽക്കുന്ന പടിക്കെട്ടുകൾ

''മുമ്പൊരു അറിയിപ്പ് ബോർഡുണ്ടായിരുന്നു. ഇപ്പോൾ അതുമില്ല. ഏത് നിമിഷവും ഗോവണി നിലം പൊത്താം. ആർ.ഒ പ്ലാന്റിൽ ദാഹജലം തേടിയെത്തുന്നവരെ രക്തസാക്ഷിയാക്കരുത്. അധികൃതർ ഇടപെടണം

തോമസ്, ആലപ്പുഴ