അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 363-ാം നമ്പർ കാക്കാഴം - നീർക്കുന്നം ശാഖയിലെ ഗുരുമന്ദിരവും, പ്രാർത്ഥനാലയവും സ്ഥിതി ചെയ്യുന്ന 11 സെന്റ് സ്ഥലം അളക്കാനെത്തിയ സംഘത്തിനെതിരെ പ്രതിഷേധം തീർത്ത് ശാഖാ അംഗങ്ങൾ. പ്രതിഷേധത്തെ തുടർന്ന് ഭൂമി അളക്കാനാവാതെ സംഘം മടങ്ങി . അമ്പലപ്പുഴ തഹസീൽദാർ പി.കെ.സൗമ്യയുടെ നേതൃത്വത്തിൽ സർവേയറും സംഘവും ഇന്നലെ രാവിലെ 9 ഓടെയാണ് അളക്കാനെത്തിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ഇതിനിടയിൽ പണം നഷ്ടപ്പെട്ട നിക്ഷേപകരും സ്ഥലത്തെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. പണം നഷ്ടപ്പെട നിക്ഷേപകരുടെ പരാതികളെ തുടർന്ന് റിസീവറെ വച്ചിരിക്കുകയാണ് കോടതി. റിസീവർ അഡ്വ.എ.എസ്.വി കുറുപ്പ് ഗുരുമന്ദിരം ഇരിക്കുന്ന 11 സെന്റ് സ്ഥലത്തിൽ നിന്ന് 8 സെന്റ് സ്ഥലം മാർച്ച് 23ന് ലേലം വെക്കുകയും, വളഞ്ഞവഴിയിലെ ഒരു വ്യാപാരി 8020000 രൂപയ്ക്ക് ലേലത്തിൽ പിടിക്കുകയും ചെയ്തിരുന്നു. നിക്ഷേപകർക്ക് പണം തിരികെ നൽകാനായാണ് വസ്തുലേലം ചെയ്തത്.എന്നാൽ ഇത് അംഗീകരിക്കില്ലെന്നാണ് ശാഖാ അംഗങ്ങൾ പറയുന്നത്.8 സെന്റ് സ്ഥലം പോയാൽ ബാക്കി 3 സെന്റ് സ്ഥലം മാത്രമാണ് ഉണ്ടാകുക. സ്ഥലത്തിന് പിന്നിലുള്ള താമസക്കാർക്ക് ഒന്നര സെന്റ് വഴി നൽകണം. പിന്നീട് ഒന്നര സെന്റഅ സ്ഥലം മാത്രമാണ് അവശേഷിക്കുക.ഈ ഒന്നര സെന്റ്മസ്ഥലത്ത് ഗുരുമന്ദിരവും പ്രാർത്ഥനാലയവും നിർമ്മിക്കാനാവില്ലെന്നാണ് ശാഖാ അംഗങ്ങൾ പറയുന്നത്. എന്നാൽ ഈ സ്ഥലം തീരപരിപാലന നിയമത്തിനകത്തുള്ളതാണെന്നും ഇവിടെ കെട്ടിട നിർമ്മാണം നടക്കില്ലെന്നും ഭാരവാഹികൾ പറഞ്ഞു. വിവരങ്ങൾ കോടതിയെ അറിയിക്കുമെന്നും, കോടതി തീരുമാനപ്രകാരം തുടർ നടപടികൾ സ്വീകരിക്കുമെന്നും ഭൂമി അളക്കാനെത്തിയ സംഘം വ്യക്തമാക്കി. ശാഖയുടെ പേരിലുണ്ടായിരുന്ന ദേശീയ പാതയ്ക്ക് കിഴക്കു ഭാഗത്തുണ്ടായിരുന്ന 21 സെന്റ് സ്ഥലം മാസങ്ങൾക്കു മുമ്പ് 2.50 കോടിക്ക് ലേലത്തിൽ പോയിരുന്നു.കല്യാണമണ്ഡപം സ്ഥിതി ചെയ്യുന്ന 70 സെന്റ് സ്ഥലവും മണ്ഡപവും ലേലത്തിൽ വച്ചെങ്കിലും ആരും ലേലം കൊണ്ടില്ല.