
മാന്നാർ: അപ്പർ കുട്ടനാടൻ മേഖലയായ മാന്നാർ, ചെന്നിത്തല പ്രദേശങ്ങളിൽ കൊയ്ത്ത് തുടങ്ങിയതോടെ നെല്ല് സംഭരണത്തിൽ പരാതികൾ ഉയരുന്നു. ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ച് ബാങ്കുകളിൽ നിന്നും വ്യക്തികളിൽ നിന്നും കൊള്ളപ്പലിശക്ക് കടംവാങ്ങിയും വലിയ പ്രതീക്ഷയോടെ കൃഷിയിറക്കിയ കർഷകരെ ദ്രോഹിക്കുന്ന സമീപനമാണ് സിവിൽ സപ്ലൈസിനായി, നെല്ലു സംഭരിക്കുന്ന സ്വകാര്യമില്ലുകാരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. കൊയ്തെടുത്ത നെല്ലിൽ ഈർപ്പത്തിന്റെ അംശം കൂടുതലുണ്ടെന്ന കാരണം പറഞ്ഞ് അമിതമായ കിഴിവാണ് ഇവർ ആവശ്യപ്പെടുന്നത്. ചെന്നിത്തല 1 , 3, 8 ബ്ലോക്കുകളിലും മാന്നാർ കുരട്ടിശ്ശേരി പാടശേഖരത്തിലെ വേഴത്താർ, ഇടപുഞ്ച എന്നിവിടങ്ങളിലുമാണ് കൊയ്ത്ത് തുടങ്ങിയത്. കൊയ്ത്ത് യന്ത്രത്തിന് ആവശ്യം വർദ്ധിച്ചതോടെ തോന്നുംപടിയാണ് വാടക ആവശ്യപ്പെടുന്നത് കർഷകർക്ക് ഇരട്ടി ദുരിതമാകുന്നു. ചെന്നിത്തല പഞ്ചായത്തിലെ പതിനാലാം ബ്ളോക്കിലും കുടവള്ളാരി ബിയിലും മണിക്കൂറിനു 1675 രൂപ നിരക്കിൽ കൊയ്ത്ത് യന്ത്രത്തിന് വാടക വാങ്ങുമ്പോൾ തൊട്ടടുത്ത എ ബ്ലോക്കിൽ 1850 രൂപ വാങ്ങിയെന്ന് കർഷകർ പറയുന്നത്.
..................
#അമിത കിഴിവ് ആവശ്യപെടുന്നു
ഈർപ്പമില്ലാത്ത നെല്ലിനു പോലും 10 മുതൽ 15 ശതമാനം വരെ കിഴിവാണ് മില്ലുകാർ കർഷകരോട് ആവശ്യപ്പെടുന്നതെന്ന് പാടശേഖര സമിതിക്കാർ പറയുന്നു. കിഴിവിന്റെ പേരു പറഞ്ഞു കർഷകരെ ദ്രോഹിക്കരുതെന്ന് സർക്കാർ നിർദേശത്തെ അവഗണിച്ചാണ് മില്ലുകാർ അമിത കിഴിവ് ആവശ്യപ്പെടുന്നത്. ഈർപ്പമുള്ള നെല്ലിന് കിഴിവ് നൽകാൻ കർഷകർ തയ്യാറാണ്. പക്ഷെ അതിനൊപ്പം നല്ലതുപോലെ ഉണങ്ങിയ നെല്ലിനും കിഴിവ് കൂട്ടുന്നതാണ് കർഷകരെ പ്രകോപിപ്പിക്കുന്നത്. സർക്കാരും കൃഷി വകുപ്പും ഇടപ്പെട്ടു അമിത കിഴിവ് എടുക്കാതെ കൊയ്തെടുത്ത നെല്ലു സംഭരിക്കാൻ നടപടിയുണ്ടാകണമെന്നാണ് കർഷകരുടെയും പാടശേഖര സമിതികളുടെയും ആവശ്യം.
.....
'' കൊയ്ത്തിന്റെ ആരംഭ ദശയിൽ കർഷകരോട് ഇത്തരം കൊള്ള നടത്തുന്നത് കൃഷി വകുപ്പും പാടശേഖര സമിതികളും തടയണം. വരും നാളുകളിൽ കൂടുതൽ പാടങ്ങളിൽ കൊയ്ത്ത് നടക്കുന്നതോടെ കർഷകരെ കൂടുതൽ ദ്രോഹിക്കുവാനുള്ള ശ്രമങ്ങൾ നടക്കും.
കർഷകർ