
ആലപ്പുഴ: ഗൂഢാലോചന നടത്തി വിവാദ ദല്ലാളിനെക്കൊണ്ട് തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും അപമാനിക്കുകയും ചെയ്തപ്പോഴാണ് ഇ.പി.ജയരാജൻ ബി.ജെ.പിയിൽ ചേരാൻ നടത്തിയ നീക്കങ്ങൾ തുറന്നു പറഞ്ഞതെന്ന് ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തി.
കേരള കൗമുദിക്കുള്ള അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ:
#മറ്റു പാർട്ടിക്കാർ ബി.ജെ.പിയിൽ ചേരാൻ ചർച്ച നടത്തിയ വിവരം പുറത്തുവിട്ടാൽ ഇനിയുള്ളവർ വരുമോ?
കേരളത്തിലെ ഒൻപത് പ്രഗത്ഭ നേതാക്കളുമായി ഞാൻ ചർച്ച ചെയ്തു. അതിൽ ഒരാളാണ് ഇ.പി. ജയരാജൻ. ബാക്കി എട്ടു പേരുടെ വിവരം വെളിപ്പെടുത്തിയില്ലല്ലോ. അതിനർത്ഥം രാഷ്ട്രീയത്തിൽ ആവശ്യമായ നൈതികത ഞാൻ സൂക്ഷിക്കുന്നുണ്ട് എന്നാണ്. ഈ വിവരം പുറത്തു വിടാൻ കാരണം ഇ.പി. ജയരാജനും ദല്ലാൾ നന്ദകുമാറും ഒരുമിച്ചു നിന്നുകൊണ്ട് എനിക്കെതിരെ നടത്തിയ ഗൂഢ നീക്കങ്ങളെക്കുറിച്ച് കൃത്യമായ ബോദ്ധ്യമുണ്ടായി. ഒരു സ്ത്രീ അങ്ങേയറ്റം അപമാനിക്കപ്പെട്ടു. ഇതിൽ ഇ.പി. ജയരാജനും ബന്ധമുണ്ടെന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തിലാണ് വിഷയം തുറന്നു പറഞ്ഞത്.
# ഇ.പി. ജയരാജൻ ജാവദേക്കറെ കണ്ടത് അറിഞ്ഞിരുന്നോ?
ജാവദേക്കറുമായി കണ്ടതിനെപ്പറ്റി ഇ.പി. ജയരാജൻ എന്നോട് പറഞ്ഞിട്ടില്ല, എനിക്ക് അറിവുമില്ല. ജാവദേക്കർ കേരളത്തിന്റെ പ്രഭാരിയായി വരുന്നതിനു മുമ്പ് ഞാൻ ഈ രംഗത്തുണ്ട്. എനിക്ക് ഈ വിഷയത്തെക്കുറിച്ച് അറിയില്ല.
#ശോഭ സുരേന്ദ്രനെ ചർച്ചയ്ക്കായി കണ്ടിട്ടില്ലെന്നാണ് ഇ.പിയുടെ പ്രതികരണം. ഉമ്മൻചാണ്ടിയുടെ സംസ്കാര ദിവസമാണ് അവസാനമായി കണ്ടതെന്നും പറയുന്നു?
ഉമ്മൻ ചാണ്ടിയുടെ വീട്ടിൽ കണ്ടു എന്നത് ശരിയാണ്. ഇ.പി. ജയരാജനെ ആദ്യം കാണുന്നത് ദല്ലാൾ നന്ദകുമാറിന്റെ വീട്ടിലാണ്. രണ്ടാമത് ഞാനും ദല്ലാൾ നന്ദകുമാറും ഇ.പി. ജയരാജനും കാണുന്നത് ഡൽഹിയിലെ ഹോട്ടലിലാണ്. മൂന്നാമത് കണ്ടപ്പോഴേക്കും കേരളത്തിൽ നിന്ന് ഫോൺ കോൾ വരുന്നു. ജയരാജൻ പേടിച്ച് മടങ്ങി. ഗോവിന്ദൻ മാഷിന്റെ യാത്ര തൃശൂരിൽ വന്നപ്പോഴാണ് പിന്നീട് രാമനിലയത്തിൽ വച്ചു കാണുന്നത്. എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. ദല്ലാൾ അത്രത്തോളം നിർബന്ധിച്ചതിനാൽ കണ്ടുവെന്നുമാത്രം. ജയരാജന് ബി.ജെ.പിയിൽ ചേരാൻ താത്പര്യമുണ്ടെന്ന് നന്ദകുമാർ പറഞ്ഞു. ജയരാജൻ അത് നിഷേധിച്ചാൽ ഉണ്ടെന്നുതന്നെ ശോഭ സുരേന്ദ്രൻ പറയും.
# ആലപ്പുഴയിൽ താങ്കൾ വിജയിക്കരുതെന്ന് പാർട്ടിയിൽ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ?
കെ.സി. വേണുഗോപാലാണ് ആഗ്രഹിക്കുന്നത്. കെ.സിക്കുവേണ്ടി സോളാർ കേസ് സെറ്റ് ചെയ്തു കൊടുത്തത് നന്ദകുമാറാണ്. ഇ.പി. ജയരാജനും ഇടപെട്ടിട്ടുണ്ട്.