photo

ആലപ്പുഴ: പ്രസവവുമായി ബന്ധപ്പെട്ടുള്ള ചികിത്സയ്‌ക്കിടെ ജില്ലയിൽ ഒന്നരവർഷത്തിനിടെ

പൊലിഞ്ഞത് മൂന്ന് ജീവനുകൾ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്നുണ്ടായ അണുബാധയിൽ പുറക്കാട് കരൂർ തൈവേലിക്കകം ജെ.അൻസാറിന്റെ ഭാര്യ ഷിബിന (31) മരിച്ചത് കഴിഞ്ഞ ദിവസമാണ്.

കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ശസ്ത്രക്രിയയെത്തുടർന്ന്

കൈനകരി പഞ്ചായത്ത് 14-ാം വാർഡിൽ കായിത്തറ വീട്ടിൽ അജിമോൻ, സുനിമോൾ ദമ്പതികളുടെ മകൾ അപർണ (21), ലാപ്രോസ്‌കോപിക് ശസ്ത്രക്രിയയെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പഴവീട് ശരത് ഭവനിൽ ശരത്തിന്റെ ഭാര്യ ആശ (36) എന്നിവരാണ് അകാലത്തിൽ പൊലിഞ്ഞ മറ്റു ഹതഭാഗ്യർ.

ചികിത്സാപിഴവാണ് കാരണമെന്ന് കരുതുന്ന ഈ മൂന്ന് മരണങ്ങളെക്കുറിച്ചും വകുപ്പും പൊലീസും പ്രത്യേകം പ്രത്യേകം അന്വേഷണം നടത്തിയെങ്കിലും റിപ്പോർട്ടുകൾ വെളിച്ചം കണ്ടില്ല.

കിട്ടാത്ത റിപ്പോർട്ട്

2022 ഡിസംബർ 6നാണ് അപർണയും നവജാത ശിശുവും മരിച്ചത്. മരണകാരണം ചികിത്സാപ്പിഴവാണെന്ന് ആരോപിച്ച് ഭർത്താവ് രാംജിത്ത് പൊലീസിൽ പരാതി നൽകിയെങ്കിലും ഫോറൻസിക് റിപ്പോർട്ട് കിട്ടാത്തത് കാരണം അന്വേഷണം നീണ്ടുപോയി. കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വച്ച് കുട്ടിയെ പുറത്ത് എടുത്തപ്പോഴായിരുന്നു അപർണ്ണയിൽ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടത്. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുദിവസത്തിനകം മരിച്ചു.

ലാപ്രോസ്‌കോപിക് ശസ്ത്രക്രിയയെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരിക്കുമ്പോഴാണ് 2024 ജനുവരി19ന് ആശ മരിച്ചത്. 41ദിവസത്തിനുള്ളിൽ ഫോറൻസിക് റിപ്പോർട്ട് നൽകുമെന്ന് പറഞ്ഞെങ്കിലും 120 ദിവസം കഴിഞ്ഞിട്ടും അത് ലഭിച്ചിട്ടില്ല.

അന്വേഷണം പ്രഹസനം

ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും അന്വേഷണ സമിതിയെ നിയോഗിച്ച് തത്ക്കാലം പിടിച്ചുനിൽക്കുകയാണ് പതിവ്. മെഡിക്കൽ കോളേജ്,​ കടപ്പുറം ആശുപത്രികളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായ ഇത്തരം സംഭവങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഇനിയും വെളിച്ചം കണ്ടിട്ടില്ല. അപർണ, ആശാശരത് എന്നിവർ മരിച്ച സംഭവത്തിലും വിദഗ്ദ്ധസമിതിയുടെ അന്വേഷണം ജില്ലാമെഡിക്കൽ ഓഫീസർ പ്രഖ്യാപിച്ചതാണ്. എന്നാൽ,​ മാസങ്ങൾ കഴിഞ്ഞിട്ടും റിപ്പോർട്ട് നൽകിയിട്ടില്ല.

ന്യൂനപക്ഷകമ്മീഷൻ

കേസെടുത്തു

മെഡിക്കൽ കോളേജ് ആശുപത്രിയിൽ, പ്രസവാനന്തര അണുബാധയെ തുടർന്ന് പുറക്കാട് കരൂർ തൈവേലിക്കകം ജെ.അൻസറിന്റെ ഭാര്യ ഷിബിന മരിച്ച സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് മരണത്തിന് കാരണമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ജില്ലാ പൊലീസ് മേധാവി, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് എന്നിവരോട് വിശദീകരണം തേടി.