തുറവൂർ : തുറവൂർ താലൂക്ക് ആശുപത്രിയുടെ പുതിയ ബഹുനില കെട്ടിടസമുച്ചയത്തിന്റെ നിർമ്മാണം നിലച്ചിട്ട് മാസങ്ങൾ പിന്നിട്ടു. കരാറുകാരന് 4.5കോടിയോളം രൂപയുടെ ബില്ല് മാറി നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. നിർമ്മാണ ചുമതലയുള്ള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ മെല്ലേപ്പോക്കും മറ്റൊരു കാരണമാണ് .

കഴിഞ്ഞ ഡിസംബറിലാണ് നിർമ്മാണജോലികൾ പൂർണ്ണമായി മുടങ്ങിയത്. കെട്ടിടത്തിന് മുന്നിലെ പഴയ ഒ.പി ചീട്ട് കൗണ്ടർ കെട്ടിടം പൊളിച്ചുനീക്കിയാൽ മാത്രമേ ഭൂമിക്കടിയിൽ ശൗചാലയ ടാങ്ക്, ജലസംഭരണി തുടങ്ങിയവ നിർമ്മിക്കാൻ കഴിയുകയുള്ളൂ. മാസങ്ങൾക്കു മുമ്പേ അധികൃതർക്ക് കത്ത് നൽകിയിട്ടും കെട്ടിടം പൊളിക്കാനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് കരാർ കമ്പനി പറയുന്നത്.

കാലവർഷാരംഭത്തിന് 4മാസം മുമ്പെങ്കിലും അനുമതി ലഭിച്ചാലേ മഴയ്ക്കു മുമ്പ് ടാങ്കുകളുടെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുകയുള്ളൂ. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 51.4 കോടി രൂപ ചെലവിട്ടാണ് ആറ് നിലകളിലായി 5960 ചതുരശ്ര അടി വിസ്തീർണത്തിൽ കെട്ടിടം നിർമ്മിക്കുന്നത്. 2019 നവംബർ ഒന്നിനായിരുന്നു ശിലാസ്ഥാപനം. 2023ഒക്ടോബറിൽ ആശുപത്രിയിലെത്തിയ മന്ത്രി വീണാ ജോർജ് ഡിസംബർ മാസം പണി പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒന്നും നടന്നില്ല. ദേശീയപാതയോരത്തെ പ്രധാന സർക്കാർ ആശുപത്രിയായ ഇവിടെ 1500ൽപ്പരം പേരാണ് നിത്യേന ഒ.പിയിൽ ചികിത്സ തേടിയെത്തുന്നത്.

മന്ത്രി പറഞ്ഞത് ഡിസംബറിൽ തീർക്കുമെന്ന്

1.കെട്ടിടത്തിന്റെ 82 ശതമാനം നിർമ്മാണ ജോലികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്

2.പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ളതാണ് തുറവൂർ താലൂക്ക് ആശുപത്രി

3.കഴിഞ്ഞ ഡിസംബറിൽ പണി പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചിരുന്നതാണ്

4.കെട്ടിടംപണി മുടങ്ങിയ വിവരം മന്ത്രിയെ ധരിപ്പിച്ചെങ്കിലും തുടർനടപടികൾ വൈകുകയാണ്

കെട്ടിടത്തിന്റെ നിർമ്മാണച്ചെലവ് : 51.4 കോടി

രോഗികളുടെ തിരക്കേറിയ ആശുപത്രിയിൽ ഡോക്ടർമാരുടെ അഭാവം വലിയ പോരായ്മയാണ്. തുറവൂർ താലൂക്കാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം രണ്ടാഴ്ചയ്ക്കകം പുനരാരംഭിക്കും

-ദെലീമ ജോജോ എം.എൽ.എ