ആലപ്പുഴ: ലോകസഭാ തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പാക്കിയ സി.പി.എം ബി.ജെ.പിക്കെതിരെ ജില്ലയിൽ വ്യാപക അക്രമം അഴിച്ചുവിടുകയാണെന്ന് ബി.ജെ.പി ജില്ലാപ്രസിഡന്റ് എം.വി.ഗോപകുമാർ പറഞ്ഞു. സി.പി.എമ്മും കോൺഗ്രസിനും ഒപ്പം നിന്ന നിരവധി പേർ ഇത്തവണ എൻ.ഡി.എയ്ക്ക് വോട്ടു ചെയ്തിട്ടുണ്ട്. ഇത് മനസിലാക്കിയ സി.പി.എം അക്രമത്തിലൂടെ ജനങ്ങളിൽ ഭീതിപരത്തി അണികളെ കൂടെ നിർത്താൻ ശ്രമിക്കുന്നു. ബി.ജെ.പിയുടെ വനിതാ നേതാവ് കുമാരപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജി സുമേഷിനെ വീട് കയറി ആക്രമിച്ചതുൾപ്പെടെ നിരവധി വീടുകളും വാഹനങ്ങളും സി.പി.എം ഗുണ്ടകൾ തകർത്തു. പൊലീസ് ഒരു പ്രതിയേ പോലും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. സി.പി.എമിന്റെ ഗുണ്ടാ രാഷ്ട്രീയത്തെ സംരക്ഷിക്കുന്ന പൊലീസിനേയും രാഷ്ട്രീയമായും നിയമപരമായി നേരിടുമെന്നും എം.വി.ഗോപകുമാർ പറഞ്ഞു.