ആലപ്പുഴ : ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ രോഗവ്യാപനം തടയാൻ 45,631പക്ഷികളെ ഇന്ന് കൊന്ന് നശിപ്പിക്കും. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വാർഡ് ഏഴ്, എടത്വാ ഗ്രാമപഞ്ചായത്ത് വാർഡ് പത്ത്, തകഴി ഗ്രാമപഞ്ചായത്ത് വാർഡ് നാല് എന്നിവിടങ്ങളിൽ ഇന്ന് കള്ളിംഗ് നടത്താനാണ് കളക്ടർ അലക്സ് വർഗീസ് അദ്ധ്യക്ഷതയിൽ നടന്ന അവലോകന യോഗം തീരുമാനിച്ചത്.
രോഗ സ്ഥിരീകരണ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെയാണ് നശിപ്പിക്കുക. ആവശ്യമായ വിറക്, കുമ്മായം, ഡീസൽ, പഞ്ചസാര, ചിരട്ട, തൊണ്ട് എന്നിവ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരുക്കും. കള്ളിംഗ് സംഘത്തിലുള്ള എല്ലാവരെയും പത്ത് ദിവസം ക്വാറന്റൈനിൽ ഇരുത്താനും തീരുമാനിച്ചു. എടത്വയിൽ പതിനൊന്നും 11 തകഴിയിൽ നാലും അമ്പലപ്പുഴയിൽ മുന്നും ആർ.ആർ.ടി സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവിടേക്ക് ആവശ്യമായ തൊഴിലാളികളെയും നിയോഗിക്കും. ആർ.ആർ.ടി. സംഘത്തിലുള്ളവർക്കും തൊഴിലാളികൾക്കുമുള്ള പ്രതിരോധ മരുന്നുകളും പി.പി.ഇ. കിറ്റുകളും മാസ്‌കുകളും ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ലഭ്യമാക്കും
കൊല്ലുന്ന പക്ഷികളുടെ എണ്ണം
അമ്പലപ്പുഴയിൽ : 790
എടത്വായിൽ : 33,974
തകഴിയിൽ : 10,867