
അമ്പലപ്പുഴ : ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നവർ സഞ്ചരിച്ച കാറിൽ ടാങ്കർ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. 4പേർക്ക് പരിക്കേറ്റു. കാർയാത്രക്കാരിയായ മലപ്പുറം വണ്ടൂർ പാലാമഠം നരുവള്ളിയിൽ സുധന്റെ ഭാര്യ സീന (48) യാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന സുധൻ (57), സീനയുടെ സഹോദരന്റെ മക്കളായ അഭിജിത് (20),അഭിരാമി (16),അഭിജിത്തിന്റെ ഭാര്യ ആർദ്ര (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 2ഓടെ ദേശീയപാതയിൽ വണ്ടാനം മെഡിക്കൽ കോളേജിന് സമീപമായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ടാങ്കർ ലോറി നിയന്ത്രണംതെറ്റി എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു.
തകഴിയിലുള്ള ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം മലപ്പുറത്തേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ. കൊച്ചിയിൽ നിന്ന് കുണ്ടറയ്ക്ക് പെട്രോളുമായി പോവുകയായിരുന്നു ടാങ്കർ. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഗുരുതര പരിക്കേറ്റ സീനയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.