അഡ്മിനിസ്ട്രേറ്റീവ്, ഫിനാൻസ് ഓഫീസർമാരില്ല
അമ്പലപ്പുഴ: വമ്പൻ സ്വകാര്യആശുപത്രികളോ, മികച്ച ചികിത്സാസൗകര്യങ്ങളോ ഇല്ലാത്ത ആലപ്പുഴയിൽ സാധാരണക്കാരുടെ ആശ്രയമാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി. എന്നാൽ, ചികിത്സാപിഴവുകൾ നിരന്തരം രോഗികളുടെ ജീവനെടുക്കുമ്പോൾ ഈ ആതുരാലയം ജനങ്ങളുടെ പേടി സ്വപ്നമായി മാറുന്നു.
ആരോഗ്യരംഗത്ത് പുരസ്‌കാരങ്ങൾ വാരിക്കൂട്ടുമ്പോഴും ആലപ്പുഴ മെഡിക്കൽ കോളേജ് ഒട്ടും പ്രൊഫഷണൽ അല്ലെന്നതാണ് ഇതുനൽകുന്ന സൂചന.
കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ മെഡിക്കൽ കോളേജുകളിലും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയുണ്ട്. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറി തസ്തികയിലുള്ള ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിക്കുന്നത്. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരുടെ നിയമനം, സ്ഥലംമാറ്റം, അച്ചടക്കനടപടികൾ തുടങ്ങിയ സർവീസ് സംബന്ധമായ കാര്യങ്ങളുടെ ഭരണപരമായ ചുമതല അദ്ദേഹത്തിനാണ്. എന്നാൽ, ആലപ്പുഴ മെഡിക്കൽ കോളേജിൽ ഈ തസ്തികയിൽ ആളില്ല. നിലവിൽ ഭരണപരമായ ചുമതലകൾ വഹിക്കുന്നത് മെഡിക്കൽ കോളേജ് സൂപ്രണ്ടാണ്. മാത്രമല്ല, ധനപരമായ ചുമതലകൾ നിർവഹിക്കേണ്ട ഫിനാൻസ് ഓഫീസർ തസ്തിക സൃഷ്ടിച്ചിട്ടുമില്ല. ആരോഗ്യപരിപാലന രംഗത്ത് മാത്രം പ്രാവീണ്യമുള്ള ഇവർക്ക് ഭരണപരമായ ചുമതല നിർവ്വഹിക്കുന്നതിൽ പലപ്പോഴും ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്.
കാരണം നോട്ടക്കുറവ്
1.ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിലെ സംഭവങ്ങൾക്ക് പ്രധാനമായ കാരണം കൃത്യമായ മേൽനോട്ടക്കുറവാണ്. ആശുപത്രിയിലെ നിലവിലെ ഭാരിച്ച ഉത്തരവാദിത്വത്തിൽ നിന്ന് ആശുപത്രി സൂപ്രണ്ടിനെ ഒഴിവാക്കിയാൽ തന്നെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും
2.ആശുപത്രിയിലെ ഡോക്ടർമാർ, അവരുടെ വകുപ്പുകൾ, നഴ്സുമാർ, അറ്റന്റർമാർ, ഫാർമസി, ബ്ലഡ്ബാങ്ക്, സി.ടി, എം.ആർ.ഐ, അൾട്രാസൗണ്ട് തുടങ്ങിയ സ്കാനിംഗ് വിഭാഗങ്ങൾ ഉൾപ്പടെ എല്ലാ വിഭാഗങ്ങളും ആശുപത്രി സൂപ്രണ്ടിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും മേൽനോട്ടത്തിലുമാണ്.
3.അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ഫിനാൻസ് ഓഫീസർ തസ്തികയിൽ നിയമനം നടത്തിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂവെന്ന് ഡോക്ടർമാർ പറയുന്നു.