എരമല്ലൂർ: അരൂരിലെ പ്രധാന കുടിവെള്ള പൈപ്പ് ലൈൻ മാറ്റിയിടൽ കാരണം എട്ട് പഞ്ചായത്തുകളിലായി ആയിരത്തോളം കുടുംബങ്ങൾ ദുരിതം അനുഭവിക്കേണ്ടിവരും. മേൽപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് തൂണുകൾ സ്ഥാപിക്കുന്നതിന് അരൂർ ക്ഷേത്രം കവലയ്ക്ക് സമീപം ദേശീയ പാതയ്ക്ക് കുറുകെയുള്ള പൈപ്പുമായി കൂട്ടിയോജിപ്പിക്കുന്നതിന് രണ്ട് മുതൽ നാലുനാൾ ജപ്പാൻ കുടിവെള്ള വിതരണം മുടങ്ങുമെന്ന അധികൃതരുടെ അറിയിപ്പാണ് നാട്ടുകാരെ വലയ്ക്കുന്നത്. ചേർത്തല താലൂക്കിലെ കടക്കരപ്പള്ളി, വയലാർ, പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ മേഖലകളിലെ ജലവിതരണത്തെ മുടക്കം ബാധിക്കും. ബദൽ സംവിധാനം ഏർപ്പെടുത്താതെയും ദീർഘവീക്ഷണമില്ലാതെയുമുള്ള

അധികൃതരുടെ നടപടി വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

തൈയ്ക്കാട്ടുശ്ശേരി ജലശുദ്ധീകരണശാലയിലെ പ്രധാന പൈപ്പ്ലൈൻ വഴിയാണ് പട്ടണക്കാട് ബ്ളോക്ക് പഞ്ചായത്തിലെ എട്ടുപഞ്ചായത്ത് മേഖലകളിലും കുടിവെള്ളമെത്തിക്കുന്നത്.

അരൂരിലെ കൂറ്റൻ സംഭരണിയിലും ഇതേ പൈപ്പിലൂടെയാണ് ജലമെത്തിക്കുന്നത്.
കടുത്ത വേനലിൽ ജലസ്രോതസുകൾ വറ്റുകയും കായലോര തീരദേശ മേഖലകളിൽ ഓരിന്റെ കാഠിന്യം കൂടിവരികയും ചെയ്ത സാഹചര്യത്തിൽ പൈപ്പ് കൂട്ടിയോജിപ്പിക്കൽ ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.