
ചാരുംമൂട്: ആദിക്കാട്ടുകുളങ്ങരയിൽ സൂര്യതാപമേറ്റ് പശു ചത്തു. ആദിക്കാട്ടുകുളങ്ങര തെറ്റിക്കുഴി തെക്കതിൽ സുബൈദയുടെ കറവപ്പശുവാണ് സൂര്യാഘാതമേറ്റു ചത്തത്. ഇന്നലെ രാവിലെ കറവക്കായി എത്തിയപ്പോഴാണ് പശുവിനെ തൊഴുത്തിൽ ചത്ത നിലയിൽ കണ്ടത്. പത്ത് ലിറ്റർ പാൽ ലഭിച്ചുവന്ന പശുവിന് 75000 രൂപയോളം വിലവരുമെന്ന് വീട്ടുകാർ പറഞ്ഞു.പതിവായി പശുവിനെ തീറ്റയ്ക്കായി പുറത്തുകെട്ടാറുണ്ട്. പശുവിന്റെ ശരീരഭാഗങ്ങളിൽ സൂര്യതാപമേറ്റ് കരുവാളിച്ച നിലയിലാണ്. അടുത്തിടെ ഈ വീട്ടിലെ രണ്ടു പശുക്കൾ സമാന രീതിയിൽ ചത്തിരുന്നു. വെറ്റിനറി ഡോക്ടർ പോസ്റ്റ്മോർട്ടം നടത്തി മൃഗസംരക്ഷണ വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നുവെങ്കിലും യാതൊരു സഹായവും ലഭിച്ചില്ലെന്നും സുബൈദ പറയുന്നു.