a

മാവേലിക്കര: ഇലക്ട്രിസിറ്റി ബോർഡിന്റെ അനാസ്ഥയ്ക്കെതിരെ ജനപ്രതിനിധികൾ രാത്രിയിൽ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചു. ഒരാഴ്ചയായി മാവേലിക്കര പ്രദേശത്ത് മുന്നറിയിപ്പില്ലാതെ രാത്രിയിൽ കരണ്ട് പോകുന്നത് പതിവായിരുന്നു.ഞായറാഴ്ച രാത്രി 8 മണിയോടെ കരണ്ട് പോകുകയും തുടർന്ന് ജനപ്രതികൾ കരണ്ട് പോയ വിവരം ഓഫീസിൽ വിളിച്ച് അറിയിക്കുവാൻ വേണ്ടി നിരന്തരം ഫോൺ ചെയ്തെങ്കിലും രാത്രി 10 വരെ ആരും ഫോണെടുത്തില്ല. ഇതേ തുടർന്ന് നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ അനി വർഗീസും സജീവ പ്രായിക്കരയും കൗൺസിലർ മനസ് രാജനും എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിൽ എത്തിയെങ്കിലും, അവിടെയുണ്ടായിരുന്ന ഒരു ജീവനക്കാരൻ കാറ്റത്ത് മരച്ചില്ലകൾ വീണ് ലൈൻ പൊട്ടിയത് കൊണ്ടാണ് കറണ്ട് ഇല്ലാത്തതെന്നും എപ്പോൾ വരും എന്ന് പറയുവാൻ കഴിയില്ലെന്നുമാണ് മറുപടി പറഞ്ഞത്.

കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം കരണ്ട് പോകുന്നത് പതിവാണെന്നും ഇതിന് പരിഹാരം ഉണ്ടാകണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. പൊലീസ് എത്തി ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും എല്ലാ ഫോണുകളും സ്വിച്ച് ഓഫ് ആയിരുന്നു. ഡെപ്യൂട്ടി ചീഫ് എൻജിനീയർ 11 മണി കഴിഞ്ഞപ്പോൾ ഫോൺ എടുത്തെങ്കിലും അദ്ദേഹവും തന്റെ നിസഹായാവസ്ഥ പറഞ്ഞ് ഫോൺ വച്ചു. സമരം ശക്തമായതിനെത്തുടർന്ന് 12 മണിയോടെ കേടുപാടുകൾ പരിഹരിച്ച് നഗരസഭാ അതിർത്തിയിൽ വിച്ഛേദിക്കപ്പെട്ട വൈദ്യുതി പുനസ്ഥാപിച്ചു. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്.