
ഹരിപ്പാട്: പോസ്റ്റർ കീറിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കുമാരപുരത്ത് സി.പി.എം, ബി.ജെ.പി. പ്രവർത്തകർ തമ്മിലുണ്ടായ ആക്രമണത്തിൽ ഹരിപ്പാട് പൊലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തു. രണ്ട് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. 20 ഓളം ബിജെപി പ്രവർത്തകർക്കും 10 ഓളം സിപിഎം -ഡി വൈ. എഫ്. ഐ പ്രവർത്തകർക്കുമെതിരെ കേസെടുത്തു. ബി.ജെ.പി ഹരിപ്പാട് മണ്ഡലം ജനറൽ സെക്രട്ടറി സുമേഷ് (41), എസ്.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാജേന്ദ്രൻ (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റിരുന്നു. രണ്ട് വീടുകൾക്ക് നേരെ ആക്രമണുണ്ടായി. രണ്ട് ബൈക്കുകളും ഓട്ടോറിക്ഷയും തകർത്തു. ഞായറാഴ്ച രാത്രി എട്ടരയ്ക്കും പത്തരയ്ക്കുമായി രണ്ടു പ്രാവശ്യമായാണ് സംഘർഷമുണ്ടായത്. ഇന്നലെയും പ്രദേശത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്തു.
തിരഞ്ഞെടുപ്പിന് രണ്ടുദിവസം മുതൽ പ്രദേശത്ത് ഇരുപക്ഷവും തമ്മിൽ തർക്കം നിലനിന്നിരുന്നു.
സി.പി.എം ലോക്കൽ കമ്മറ്റി ശ്യാം അശോകിനെ ചിലർ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പിന്നാലെ,
ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രാജി സുരേഷിനെ വീട്ടിൽ കയറി മർദ്ദിച്ചു. ഇവരുടെ ഭർത്താവിന്റെ ഓട്ടോറിക്ഷയുടെ ചില്ലു തകർത്തു. രാജിയെ ഹരിപ്പാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജിയുടെ ഭർത്താവാണ് അറസ്റ്റിലായ സുമേഷ്.
രാത്രി പത്തരയോടെ ഒരുസംഘം ആളുകൾ ഡി.വൈ.എഫ്.ഐ. മുൻ ഏരിയ കമ്മറ്റിയംഗം കൃഷ്ണലാൽ (43), മേഖലാ പ്രസിഡന്റ് നിധീഷ് കുട്ടൻ (39) എന്നിവരെ ആക്രമിച്ചു. കൃഷ്ണലാലിന്റെ കൈയ്യിൽ ആഴത്തിൽ മുറിവെറ്റു. നിധീഷ്‌കുട്ടന്റെ പുറത്താണ് പരിക്ക്. ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ ലഭ്യമാക്കി വിട്ടയച്ചു. നിധീഷിന്റെ ബൈക്കിന് കേടുവരുത്തി.
ശ്യാം അശോകിന്റെയും സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ഉഷ പുരുഷുന്റെയും വീടുകൾക്കുനേരെ ആക്രമണമുണ്ടായി. ശ്യാമിന്റെ അമ്മ ശ്യാമളയ്ക്ക് പരിക്കേറ്റു. വീട്ടുമുറ്റത്തിരുന്ന ബൈക്ക് തല്ലിത്തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് ബാക്കിയുള്ളവർ ഒളിവിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.