ആലപ്പുഴ: പക്ഷിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കൊന്നൊടുക്കിയ (കള്ളിംഗ്) താറാവുകൾക്കുള്ള നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപേക്ഷ പോലും കൊടുക്കാൻ കഴിയാതെ കർഷകർ. തിരഞ്ഞെടുപ്പ് പൊരുമാറ്റച്ചട്ടത്തിന്റെ പേരിലാണ് അപേക്ഷകരെ അധികൃതർ കൈയൊഴിയുന്നതെങ്കിലും സംസ്ഥാനത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് യഥാർത്ഥ കാരണമെന്ന് കർഷകർ പറയുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ട് ഘട്ടങ്ങളായി താറാവുകൾ ഉൾപ്പെടെ 70,131ൽ അധികം പക്ഷികളെയാണ് ഇത്തവണ കൊന്നൊടുക്കിയത്.
പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് താറാവ് കർഷക സംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ, 60 ദിവസം പ്രായമായ താറാവിന് 100 രൂപയും അതിന് മുകളിലുള്ളവയ്ക്ക് 200 രൂപയുമാണ് നഷ്ടപരിഹാരമായി തീരുമാനിച്ചത്. ഇതിൽ 60 ശതമാനം സംസ്ഥാനവും 40 ശതമാനം കേന്ദ്രവുമാണ് നൽകേണ്ടത്.
കളമൊഴിഞ്ഞ് കർഷകർ
1.ആയിരത്തിലധികം താറാവുകർഷകരാണ് ഉണ്ടായിരുന്ന ജില്ലയാണ് ആലപ്പുഴ. ക്രിസ്മസ്, ഈസ്റ്റർ സീസൺ ലക്ഷ്യമിട്ടാണ് അവർ താറാവുകളെ വളർത്തിയിരുന്നത്
2.2014 ഡിസംബർ മുതൽ പക്ഷിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ ജില്ലയിൽ പടർന്നു പിടിക്കുകയും താറാവുകൾ കൂട്ടത്തോടെ ചത്തുവീഴുകയും ചെയ്തതോടെ ഭൂരിഭാഗം കർഷകരും രംഗം വിട്ടു
3.ഇരുന്നൂറോളം കർഷകർ മാത്രമാണ് ഇപ്പോഴുള്ളത്. പലിശയ്ക്കും സ്വകാര്യ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തും പ്രതീക്ഷയോടെ മുന്നോട്ട് കൊണ്ടുപൊയ്ക്കൊണ്ടിരുന്ന താറാവുകൃഷി, തുടർച്ചയായ പക്ഷിപ്പനി കാരണം കർഷകർക്ക് വൻ സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടാക്കിയത്
തീറ്റയിലും പ്രതിസന്ധി
താറാവ് തീറ്റ സംസ്ഥാനത്ത് കിലോയ്ക്ക് 60, തമിഴ്നാട്ടിൽ 25 രൂപ
വരൾച്ചയായതിൽ പാടശേഖരങ്ങളിൽ ചെറുമത്സ്യങ്ങളെ കാണാനില്ല
തമിഴ്‌നാട്ടിൽ ഒരുരൂപയ്ക്ക് ലഭിക്കുന്ന അരിക്ക് സംസ്ഥാനത്ത് 20രൂപ
തീറ്റയ്ക്കും പ്രതിരോധ വാക്‌സിനും ഉൾപ്പെടെ ഒരു താറാവിന് 350 രൂപയോളം ചെലവാകാറുണ്ട്. മൂന്നര മാസമാവുമ്പോൾ താറാവിന് 1.5 മുതൽ 2.5 കിലോവരെ തൂക്കം വയ്ക്കും. കിലോയ്ക്ക് 350 രൂപ നിരക്കിലാണ് വിൽക്കുന്നത്. നഷ്ടപരിഹാരമായി നാമമാത്ര തുകയാണ് ലഭിക്കുന്നത്
- പ്രസാദ്, താറാവ് കർഷകൻ
കൊന്നൊടുക്കിയ താറാവുകൾക്കുള്ള നഷ്ടപരിഹാരം ഉടൻ നൽകണം. ചെറിയ താറാവിന് 200ഉം വലുതിന് 450ഉം രൂപയായി നഷ്ടപരിഹാരം പുനർ നിർണ്ണയിക്കണം. താറാവുകർഷകരെ സംരക്ഷിക്കുന്ന പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കണം
-അഡ്വ.ബി.രാജശേഖരൻ, പ്രസിഡന്റ്, ഐക്യതാറാവ് കർഷക സംഘം