ആലപ്പുഴ : പുതിയ അദ്ധ്യയന വർഷത്തിന് ഒരുമാസം ശേഷിക്കേ, സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഫിറ്റ്നസ് പരിശോധന നടത്തുന്നതിനുള്ള യോഗം നാളെ തിരുവനന്തപുരത്ത് ചേരും. ഇതിന് ശേഷമാകും സ്കൂളുകളിൽ നിന്ന് അപേക്ഷ സ്വീകരിക്കുന്നതിനും പരിശോധന്ക്കും തിയതിയടക്കം നിശ്ചയിക്കുക. സ്കൂൾ കെട്ടിടങ്ങളിൽ പ്രവർത്തനാനുമതി ലഭിക്കുന്നതിന് അടിത്തറ മുതൽ മേൽക്കൂര വരെ ഫിറ്റാണെന്ന് പരിശോധനയിൽ ബോദ്ധ്യപ്പെടണം. ഓരോ അദ്ധ്യയനവർഷവും ക്ലാസ് തുടങ്ങുന്നതിന് മുമ്പ് സ്‌കൂളുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നതാണ് കെ.ഇ.ആർ ചട്ടം. അവധിക്കാലത്താണ് അറ്റകുറ്റപ്പണികൾ നടത്തുക. പരിശോധനകൾ എത്രയും വേഗത്തിൽ പൂർത്തിയായാൽ മാത്രമേ ആവശ്യമുള്ള മാറ്റങ്ങൾ പ്രാവർത്തികമാക്കാൻ സ്കൂൾ അധികൃതർക്ക് സമയം ലഭിക്കൂ.

കണ്ണടച്ചാൽ അപകടം

1.ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾക്കു നേർക്ക് പലപ്പോഴും ഉദ്യോഗസ്ഥർ കണ്ണടയ്ക്കുന്നത് വലിയ അപകടങ്ങളിലേക്ക് നയിക്കാറുണ്ട്

2.കെട്ടിടത്തിന്റെ ബലം, അടിത്തറ, മേൽക്കൂര, കതക്, ജനൽ, തടിപ്പണികൾ, ഫയർ ആൻഡ് സേഫ്ടി തുടങ്ങി സകല കാര്യങ്ങളും പരിശോധിക്കണമെന്നാണ് ചട്ടം

3.മേൽക്കൂരയായി ആസ്ബസ്റ്റോസ് ഷീറ്റുകൾ ഉപയോഗിക്കരുതെന്ന സർക്കാർ നിർദേശം ഇപ്പോഴും പല സ്‌കൂളുകളും പാലിക്കുന്നില്ല.

അറ്റകുറ്റപ്പണി ചുമതല

എയ്ഡഡ് സ്‌കൂളുകൾ : മാനേജർമാർ

ഗവ.എൽ.പി,യു.പി സ്‌കൂളുകൾ: ഗ്രാമപഞ്ചായത്ത്

ഹൈസ്‌ക്കൂളുകൾ : ജില്ലാപഞ്ചായത്ത്

ഫിറ്റ്നസ് പരിശോധന സംബന്ധിച്ച സംസ്ഥാന തല യോഗം നാളെ ചേരും. അതിന് ശേഷമാകും ജില്ലാതലത്തിലെ നടപടികൾ ആരംഭിക്കുക

- കൃഷ്ണകുമാർ, ഡി.ഡി.ഇ

പാഠപുസ്തകങ്ങൾ എത്തി

ജില്ലയിൽ ആവശ്യമുള്ള പാഠപുസ്തകങ്ങളിൽ പകുതിയിലധികവും വിതരണത്തിനായി സൊസൈറ്റികളിലെത്തി. സിലബസ് മാറ്റമില്ലാത്ത 2,4,6,8,10 ക്ലാസുകളിലെ വോളിയം ഒന്ന് പുസ്തകങ്ങളാണ് എത്തിച്ചത്. സിലബസ് മാറ്റമുള്ള 1,3,5,7,9 ക്ലാസുകളിലെ പുസ്തകങ്ങളുടെ പ്രിന്റിംഗ് പൂർത്തിയായി. ആലപ്പുഴ ഗേൾസ് സ്കൂളിലെ ഹബ്ബിൽ എത്തുന്ന മുറയ്ക്ക് ഇവയും സൊസൈറ്റികളിൽ എത്തിക്കും.

പുസ്തകങ്ങൾ ആകെ : 16,65,842

ഹബ്ബിലെത്തിയത് : 10,38,710

വിതരണം ചെയ്തത് : 7,94,005

സൊസൈറ്റികൾ : 261