ge

ആലപ്പുഴ: ജില്ലയിലെ പ്രധാന ആശുപത്രികളായ മെഡിക്കൽ കോളേജും ജനറൽ ആശുപത്രിയും സീലിംഗ് ഭീഷണിയിൽ. ജനറൽ ആശുപത്രി കെട്ടിടത്തിന്റെ മേൽക്കൂര അടർന്നുവീഴുന്നത് പുതിയ സംഭവമല്ല. എന്നാൽ,​ കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്ത മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിന്റെയും മേൽക്കൂര അടർന്നു തുടങ്ങിയതോടെയാണ് രോഗത്തെക്കാൾ വലിയ ഭീഷണി മേൽക്കൂരയാണെന്ന് പലർക്കും ബോദ്ധ്യമായത്. സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിൽ മഴത്ത് ചോർച്ചയുമുണ്ട്. ബക്കറ്റ് വച്ചാണ് ജീവനക്കാരുടെ പ്രതിരോധം. 180 കോടി രൂപ മുടക്കിയ കെട്ടിടത്തിനാണ് പ്രവർത്തനം ആരംഭിച്ച് കേവലം ഒരു വർഷം കഴിഞ്ഞതും ഈ ദുസ്ഥിതി വന്നതെന്നത് നാട്ടുകാരെ ആശ്ചര്യപ്പെടുത്തുന്നു. ഐ.പി സമുച്ചയത്തോട് ചേർന്ന് താഴത്തെ നിലയിലാണ് കഴിഞ്ഞ ദിവസം മേൽക്കൂര അടർന്നു വീണത്.

പ്രവേശനമില്ലാത്തത് ഭാഗ്യമായി

1.ജനറൽ ആശുപത്രിലെ മേൽക്കൂര അടർന്നുവീഴാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അപകടഭീഷണിയുള്ള സ്ഥലങ്ങളിൽ മാസങ്ങളായി പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.

2. കഴിഞ്ഞയാഴ്ച പത്താം വാർഡിലെ മേൽക്കൂരയിലെ കോൺക്രീറ്റ് പാളി അടർന്നുവീണിട്ടും ആർക്കും പരിക്കേൽക്കാതിരുന്നത് ഇതുകൊണ്ട് മാത്രമാണ്

3.ജനറൽ ആശുപത്രിയിലെ പുതിയ ഒ.പി സമുച്ചയം ആരംഭിച്ചാൽ ജനങ്ങൾ നേരിടുന്ന ഭീഷണിക്ക് വലിയ അളവിൽ അയവുവരും

4.കേരള മെഡിക്കൽ കോർപ്പറേഷനിൽ നിന്ന് ഉപകരണങ്ങളെത്താനുള്ള കാലതാമസമാണ് ഉദ്ഘാടനം വൈകുന്നതിന് കാരണമായി അധികൃതർ നൽകുന്ന വിശദീകരണം

തുടർക്കഥ

ജനറൽ ആശുപത്രിയിൽ ഈ വർഷം ഇത് രണ്ട് തവണയാണ് മേൽക്കരൂരയിലെ കോൺക്രീറ്റ് നിലം പതിച്ചത്. ജനുവരി ഏഴിന് അത്യാഹിത വാർഡ്, സെക്യൂരിറ്റി മുറി എന്നിവയടക്കമുള്ള ഭാഗങ്ങളിലെ കോൺക്രീറ്റ് അടർന്ന് വീണിരുന്നു. കഴിഞ്ഞ ദിവസം പത്താം വാർഡിലാണ് ഇരുമ്പ് ദ്രവിച്ച് കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നു പോയത്.

പേടിച്ചാണ് ജനറൽ ആശുപത്രിയിലേക്ക് കയറുന്നത്. രോഗത്തിന് മരുന്ന് തേടി വന്ന് അപകടത്തിൽ ജീവൻ നഷ്ടപ്പെടുമോയെന്ന ഭയം

- സരസമ്മ, രോഗിയുടെ കൂട്ടിരിപ്പുകാരി