photo

ചേർത്തല: താമസക്കാർ സ്ഥലത്തില്ലാത്ത വീട്ടിൽ മോഷണം. ദേശീയപാതയോരത്ത് വയലാർകവലയിൽ പട്ടണക്കാട് രവിമന്ദിരത്തിൽ ജ്യോതിമോളുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീടിന്റെ പിന്നിലെ ജനൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നതെന്നാണ് പ്രാഥമിക നിഗമനം. മുറികളുടെയും അലമാരകളുടെയും ഷെൽഫുകളുടെയും പൂട്ടുകൾ തകർത്ത് സാധനങ്ങൾ വാരിവലിച്ചിടുകയും ഉപകരണങ്ങളെല്ലാം അലങ്കോലമാക്കിയ നിലയിലുമാണ്. എല്ലാ മുറികളുടെയും വാതിലുകളും പൂട്ടുകളും തകർത്തിട്ടുണ്ട്. സ്വർണമൊന്നും നഷ്ടപെട്ടിട്ടില്ലെന്നാണ് കരുതുന്നത്. കൂടുതൽ പരിശോധന നടത്തിയാലേ നഷ്ടം കണക്കാക്കാൻ കഴിയു. സി.സി ടി.വി കാമറകളും തകർത്ത നിലയിലാണ്. മോഷ്ടക്കളുടെ ദൃശ്യം കാമറയിൽ പതിഞ്ഞിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ചൊവ്വാഴ്ച ഇവരുടെ ഒരു ബന്ധു വീട്ടിൽ നനയ്ക്കാൻ എത്തിയപ്പോൾ ജനൽ തുറന്നു കിടക്കുന്നതു കണ്ടാണ് എറണാകുളത്തുള്ള വീട്ടുകാരെ അറിയിച്ചത്. തുടർന്നു പട്ടണക്കാട് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് പൊലീസെത്തി പരിശോധനകൾ നടത്തി. വീട്ടുകാർ കുറച്ചുനാളുകളായി മകൾക്കൊപ്പം എറണാകുളത്താണ് താമസം. പട്ടണക്കാട് പൊലീസ് അന്വേഷണം തുടങ്ങി.