tah

ആലപ്പുഴ: സംസ്ഥാനത്ത് മികച്ച പഞ്ചായത്തിനുള്ള രണ്ടാം സ്ഥാനം നേടിയ മുട്ടാർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾ ആകാശ യാത്രക്ക് ഒരുങ്ങുന്നു. മേയ് മൂന്നിന് വൈകിട്ടാണ് ബംഗളുരുവിൽ നിന്ന് നെടുമ്പാശ്ശേരിക്കാണ് ഇവരുടെ സ്വപ്നയാത്ര. ഒരു വർഷമായി പ്ലാസ്റ്റിക് സംഭരണത്തിലും യൂസർഫീ ശേഖരണത്തിലും നൂറൂശതമാനം നിലനിർത്തുന്ന ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾക്ക് ആദരവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ആകാശ യാത്ര ഒരുക്കിയിട്ടുള്ളത്.
മേയ് മൂന്നിന് എ.സി ട്രെയിനിൽ ബംഗളുരുവിൽ എത്തുകയും അവിടത്തെ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ച് രാത്രി 8ന് നെടുമ്പാശ്ശേരിക്കുള്ള ഇൻഡിഗോ എയർവേസിൽ തിരികെ വരുന്ന തരത്തിലാണ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. ഹരിത കർമ്മ സേനയോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുരമ്യ, വൈസ് പ്രസിഡന്റ് ബോബൻ ജോസ്, സെക്രട്ടറി ബിനു ഗോപാൽ, സി.ഡി.എസ് ചെയർപേഴ്സൺ ജയ സത്യൻ എന്നിവരും യാത്രയിൽ പങ്കുചേരും. ഏറ്റവും പ്രായമേറിയ പത്മിനിയും (74) കുറഞ്ഞ വിനീതയും (34) അടക്കം 24 ഹരിത കർമ്മ സേനാംഗങ്ങളാണ് യാത്രയിൽ പങ്കുചേരുന്നത്.