kejiriwal

മുഖ്യമന്ത്രി ജയിലിലാകുന്ന ആദ്യസംഭവം

ന്യൂഡൽഹി : മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രിയും പ്രതിപക്ഷ നിരയിലെ പ്രമുഖനുമായ അരവിന്ദ് കേജ്‌രിവാളിനെ തീഹാർ ജയിലിലേക്ക് മാറ്റി. ഇ.ഡി അറസ്റ്റിനെതിരെ 'ഇന്ത്യ' സഖ്യവും, ആം ആദ്മി പാർട്ടിയും കടുത്ത പ്രതിഷേധം തുടരുന്നതിനിടെ ഇന്നലെ വൈകിട്ട് നാലോടെയാണ് തീഹാറിലെ രണ്ടാം നമ്പർ ജയിലിൽ കേജ്‌രിവാളിനെ എത്തിച്ചത്. രാജ്യത്ത് ഒരു മുഖ്യമന്ത്രി ജയിലിലാകുന്നത് ആദ്യമാണ്. കേജ്‌രിവാൾ രാജിവയ്ക്കാത്ത സാഹചര്യത്തിൽ ഡൽഹിയിൽ ഭരണപ്രതിസന്ധി ഉടലെടുത്തു.
രാവിലെ റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ ഏപ്രിൽ 15വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയായിരുന്നു. കോടതിയിൽ നിന്ന് നേരെ ജയിലിലേക്ക് പൊലീസ് ബസിലാണ് കൊണ്ടുപോയത്. നൂറുകണക്കിന് ആം ആദ്മി പ്രവർത്തകർ തെരുവിലും, ജയിലിന് മുന്നിലും പ്രതിഷേധിച്ചു.