
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രം അടക്കം യാഥാർത്ഥ്യമായ സാഹചര്യത്തിൽ വികസിത ഭാരതത്തിലേക്ക് മുന്നേറാനുള്ള മോദിയുടെ ഗാരന്റിയെ മുൻനിറുത്തിയാകും ബി.ജെ.പി പ്രകടനപത്രികയെന്ന് സൂചന. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായ പ്രകടനപത്രിക രൂപീകരണ
സമിതി ഇന്നലെ ആദ്യ യോഗം ചേർന്നു. എട്ട് കേന്ദ്ര മന്ത്രിമാരും മൂന്ന് മുഖ്യമന്ത്രിമാരും മുതിർന്ന പാർട്ടി നേതാക്കളും സമിതിയുടെ ഭാഗമാണ്. കേന്ദ്രസർക്കാരിന്റെ 'വികസിത ഭാരതം" അജൻഡയാണ് യോഗത്തിൽ ചർച്ചയായത്.
പാർട്ടി രൂപീകരിച്ചതിനുശേഷം ആദ്യമായിട്ടാണ് കാതലായ പ്രത്യയശാസ്ത്ര വാഗ്ദാനങ്ങൾ ഒഴിവാക്കി വികസന മുദ്രാവാക്യത്തിന് ബി.ജെ.പി മുൻഗണന നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരമായി ഉയർത്തുന്ന ദരിദ്രർ, യുവാക്കൾ, സ്ത്രീകൾ, കർഷകർ എന്നിവർക്കുള്ള സർക്കാരിന്റെ മുൻഗണന പ്രകടനപത്രികയിലും പ്രതിഫലിക്കും.
മിസ്‌ഡ് കോൾ സേവനത്തിലൂടെ 3.75 ലക്ഷത്തിലധികവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നമോ ആപ്പിൽ ഏകദേശം 1.70 ലക്ഷവും നിർദ്ദേശങ്ങൾ ലഭിച്ചതായി സമിതി സഹകൺവീനറും കേന്ദ്രമന്ത്രിയുമായ പിയൂഷ് ഗോയൽ പറഞ്ഞു. ജനങ്ങളുടെ നിർദ്ദേശങ്ങൾ തരംതിരിച്ച് അടുത്ത യോഗത്തിൽ വിശദമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
രാമക്ഷേത്രം തുറക്കൽ, ജമ്മുകാശ്‌മീരിൽ 370-ാം വകുപ്പ് റദ്ദാക്കൽ തുടങ്ങിയവ മുൻ തിരഞ്ഞെടുപ്പുകളിലെ ബി.ജെ.പിയുടെ പ്രധാന വാഗ്‌ദാനങ്ങളായിരുന്നു.
സി.പി.എം പ്രകടന പത്രിക 4ന്
സി.പി.എമ്മിന്റെ ലോക്‌സഭ പ്രകടന പത്രിക നാലിന് വൈകിട്ട് 3.30ന് ഡൽഹിയിലെ പാർട്ടി ആസ്ഥാനമായ എ.കെ.ജി ഭവനിൽ പുറത്തിറക്കും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗങ്ങളും ചേർന്നാകും പത്രിക പുറത്തിറക്കുക.