
ന്യൂഡൽഹി: കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രിക ഏപ്രിൽ അഞ്ചിന് ഡൽഹി എ.ഐ.സി.സി ആസ്ഥാനത്ത് പുറത്തിറക്കുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. തുടർന്ന് ഏപ്രിൽ ആറിന് ജയ്‌പൂരിലും ഹൈദരാബാദിലും പാർട്ടി മെഗാറാലികൾ നടത്തും. വിപുലമായ ചർച്ചകൾക്ക് ശേഷമാണ് പ്രകടന പത്രിക തയ്യാറാക്കിയത്. ജനങ്ങളുടെ ശബ്ദമാണ് പ്രതിഫലിപ്പിക്കുന്നത്. പാർട്ടിയുടെ വികസന അനുകൂല കാഴ്ചപ്പാടിന് ഊന്നൽ നൽകിയിട്ടുണ്ടെന്നും വേണുഗോപാൽ പറഞ്ഞു. ജയ്‌പൂർ റാലിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുക്കും. ഹൈദരാബാദ് റാലിയിൽ രാഹുൽ പങ്കെടുക്കും.