
ന്യൂഡൽഹി : രാജ്യത്തിനെതിരെയുള്ള കുറ്റങ്ങൾ അന്വേഷിക്കുന്നതിന് കേന്ദ്ര ഏജൻസികൾ മുഖ്യപരിഗണന നൽകണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. രാജ്യത്തെ ബാധിക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും പ്രാമുഖ്യം നൽകണം. സി.ബി.ഐ അടക്കം ഏജൻസികൾ ശ്രദ്ധ കൊടുക്കേണ്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടുകയായിരുന്നു ചീഫ് ജസ്റ്റിസ്.
ആദ്യ സി.ബി.ഐ ഡയറക്ടറായിരുന്ന ഡി.പി. കോഹ്‌ലിയുടെ സ്മരണാർത്ഥം ഡൽഹിയിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു ചന്ദ്രചൂഡ്. അഴിമതി അന്വേഷിക്കാൻ രൂപീകരിച്ച സി.ബി.ഐ ഇപ്പോൾ ഒട്ടേറെ കേസുകൾ അന്വേഷിക്കുന്നുണ്ട്. കോടതികളുടെ വിവിധ വിധികൾ സി.ബി.ഐയെ ശാക്തീകരിച്ചു. സി.ബി.ഐ കേസുകൾ വേഗത്തിൽ തന്നെ തീർപ്പാകുന്ന സാഹചര്യമുണ്ടാകണം. വ്യക്തിപരമായ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുമ്പോൾ സ്വകാര്യത എന്ന മൗലികാവകാശത്തെ കുറിച്ചും മനസിലുണ്ടാകണം.
സാങ്കേതിക വിദ്യ വികസിക്കുന്നതിന് അനുസരിച്ച് ഡിജിറ്റൽ രംഗത്തെ കുറ്റകൃത്യ രീതികളിലും മാറ്റം വരുന്നുണ്ട്. അതിനാൽ അന്വേഷണത്തിന്റെ ചട്ടക്കൂടിലും മാറ്റമുണ്ടാക്കുന്നതിനെ കുറിച്ച് രാജ്യം ചിന്തിച്ചു തുടങ്ങണം. ടീമുകളിൽ ഡാറ്റ അനലിസ്റ്റുകളെയും ഉൾപ്പെടുത്തണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാദ്ധ്യതകളും നിർണായകമാണെന്ന് ചീഫ് ജസ്റ്രിസ് കൂട്ടിച്ചേർത്തു.