
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേരുമാറ്റിയ ചൈനയുടെ നടപടി തള്ളിയ ഇന്ത്യ, രാജ്യത്തിന്റെ അവിഭാജ്യ ഘടകമായ പ്രദേശത്തെ കണ്ണുവച്ചുള്ള ഒരു ശ്രമവും വിലപ്പോവില്ലെന്നും ആവർത്തിച്ചു.
അരുണാചലിലെ 30 സ്ഥലങ്ങളുടെ പേര് മാറ്റിയുള്ള നാലാം പട്ടിക ചൈന കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. മേയ് ഒന്നുമുതൽ പ്രാബല്യത്തിലാകുമെന്നും സർക്കാർ മുഖപത്രമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് ഒമ്പതിന് അരുണചാൽ പ്രദേശിൽ 13,000 അടി ഉയരത്തിൽ നിർമ്മിച്ച സെല തുരങ്കം രാജ്യത്തിന് സമർപ്പിച്ചതു മുതൽ ചൈന പ്രകോപനം തുടരുകയാണ്. അതേമയം അരുണാചലിനെ ഇന്ത്യൻ പ്രദേശമായി അംഗീകരിക്കുന്നെന്നും ചൈനയുടെ അവകാശവാദങ്ങളെ ശക്തമായി എതിർക്കുന്നെന്നും യു.എസ് വ്യക്തമാക്കിയിരുന്നു.
ഞാൻ മറ്റൊരാളുടെ വീടിന്റെ പേര് മാറ്റിയാൽ അത് എന്റേതാകുമോ. അരുണാചൽപ്രദേശ് അന്നും ഇന്നും എന്നും ഇന്ത്യൻ സംസ്ഥാനമാണ്. പേരു മാറ്റിയാൽ ഒന്നും നേടാനാവില്ല.
- എസ്.ജയശങ്കർ, വിദേശകാര്യ മന്ത്രി
ചൈന പരിഭ്രാന്തിയിൽ: റിജിജു
ചൈനയുടെ നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. വിദേശകാര്യ മന്ത്രാലയം ഉചിതമായി പ്രതികരിച്ചു. ചൈന പരിഭ്രാന്തിയിലാണെന്ന് തോന്നുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ വികസിക്കാത്തതിനു കാരണം കോൺഗ്രസാണ്. അതിർത്തി പ്രദേശങ്ങൾ വികസിപ്പിക്കരുത് എന്ന നയം കോൺഗ്രസിന് ഉണ്ടായിരുന്നതിനാൽ ചൈനക്കാർ കോൺഗ്രസ് സർക്കാരിൽ വളരെ സന്തുഷ്ടരായിരുന്നു. കോൺഗ്രസ് പാർട്ടിയുടെ നിഷേധാത്മക അതിർത്തി നയം പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുത്തി. അതോടെ അവർ പരിഭ്രാന്തിയിലായി. ഇത് 1962ലെ ഇന്ത്യയല്ല. ഇന്ത്യയുടെ ഓരോ ഇഞ്ചും സംരക്ഷിക്കും- റിജിജു പറഞ്ഞു. ചൈനയ്ക്ക് ഉചിതമായ മറുപടി നൽകണമെന്ന് അഭ്യർത്ഥിക്കുന്നതായും
ചൈനയിലെ 60 ടിബറ്റൻ പ്രദേശങ്ങൾക്ക് സ്വന്തം പേരുകൾ നൽകി ഇന്ത്യ മറുപടി നൽകണമെന്നും അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രതികരിച്ചു. അവർ 30 പേരിട്ടെങ്കിൽ നമ്മൾ 60 പേരിടണം.
2017 മുതൽ
2017ലാണ് അരുണാചലിലെ ആറ് സ്ഥലങ്ങൾക്ക് ചൈനീസ് പേരുകൾ നൽകി ആദ്യ പട്ടിക പുറത്തിറക്കിയത്. 15 സ്ഥലങ്ങൾക്ക് പുതിയ പേര് നൽകി 2021ലും 11 സ്ഥലങ്ങൾക്ക് പേര് നൽകി 2023ലും ചൈന കളിച്ചിരുന്നു. ഇന്ത്യയിലെ സ്ഥലങ്ങൾക്ക് ചൈന പുതിയ പേരുകൾ നൽകുന്നതിനെതിരെ വിദേശകാര്യ മന്ത്രാലയം നേരത്തെ തന്നെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. അരുണാചൽ തങ്ങളുടെ അധീനതയിലുള്ള ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനീസ് വാദം.