
ന്യൂഡൽഹി: മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തീഹാർ ജയിലിൽ തുടരുന്നതിനിടെ, ഭരണപ്രതിസന്ധി മറികടക്കാൻ ആം ആദ്മി പാർട്ടിയിൽ ചർച്ച സജീവം. ഇന്നലെ 55 എം.എൽ.എമാർ സുനിത കേജ്‌രിവാളിനെ വസതിയിൽ സന്ദർശിച്ചു. കേജ്‌രിവാളിനെ ജയിലിൽ കാണാൻ അനുമതിയുള്ള സുനിതയുമായി ഭരണവിഷയങ്ങൾ ഉൾപ്പെടെ ചർച്ചയായെന്നാണ് സൂചന.
കേജ്‌രിവാൾ രാജിവയ്‌ക്കേണ്ടതില്ലെന്നും എം.എൽ.എമാർ ആവർത്തിച്ചു. ഡൽഹിയിലെ രണ്ടുകോടി ജനങ്ങളുടെ പിന്തുണയുണ്ട്. കേജ്‌രിവാൾ ജയിലിൽ നിന്ന് സർക്കാരിനെ നയിക്കട്ടെയെന്നും അവർ സുനിതയെ അറിയിച്ചു. ഭരണപ്രതിസന്ധി ചൂണ്ടിക്കാട്ടി ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനയ്ക്ക് ബി.ജെ.പി കത്ത് നൽകിയിട്ടുണ്ട്. ഭരണഘടനാ പ്രതിസന്ധി അനുവദിക്കില്ലെന്ന് സക്സേന വ്യക്തമാക്കിയിട്ടുമുണ്ട്. കടുത്ത തീരുമാനമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ബോദ്ധ്യപ്പെട്ടാൽ സുനിത മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹവും ശക്തമാണ്. എം.എൽ.എമാരുടെ സന്ദർശനവും അതിനാൽ രാഷ്ട്രീയകേന്ദ്രങ്ങളിൽ ചർച്ചയായി.
അതേസമയം അറസ്റ്റിനെതിരെ കേജ്‌രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സ്വരാന കാന്ത ശർമ്മയാണ് വാദം കേൾക്കുന്നത്. കേസ് മാറ്റിവയ്ക്കാൻ അനുവദിക്കില്ലെന്ന് കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അറസ്റ്റിന് പുറമെ, ഇ.ഡി കസ്റ്റഡിയിൽ വിട്ട വിചാരണക്കോടതി നടപടിക്കെതിരെയുമാണ് ഹർജി.
 അധികാര വടംവലിയെന്ന് ബി.ജെ.പി
ആം ആദ്മി പാർട്ടിയിൽ അധികാര വടംവലിയാണെന്ന് ബി.ജെ.പി പ്രതികരിച്ചു. ആർക്കും ആരെയും വിശ്വാസമില്ല. കേജ്‌രിവാൾ ജയിലിൽ നിന്നിറങ്ങാൻ സാദ്ധ്യതയില്ലെന്ന് മനസിലാക്കിയ സുനിത, അധികാരം തന്റെ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി ഡൽഹി അദ്ധ്യക്ഷൻ വിരേന്ദ്ര സച്ച്ദേവ ആരോപിച്ചു.
 കേജ്‌രിവാൾ ഒഴിയണമെന്ന് മുൻ ജഡ്ജി
ധാർമ്മികത മുൻനിറുത്തി കേജ്‌രിവാൾ രാജിവയ്ക്കണമെന്ന് സുപ്രീംകോടതി മുൻ ജഡ്ജി അജയ് രസ്തോഗി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് പൊതു ഓഫീസാണ്. അത് കൈകാര്യം ചെയ്യുന്ന വ്യക്തി ജുഡിഷ്യൽ കസ്റ്രഡിയിൽ കഴിയുമ്പോൾ പദവിയിൽ തുടരുന്നത് നല്ലതല്ല. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയും, ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനും രാജിവച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബി.ജെ.പിയിൽ ചേർന്നില്ലെങ്കിൽ ഇ.ഡി അറസ്റ്റ് ഭീഷണി: അതിഷി
ബി.ജെ.പിയിൽ ചേർന്നില്ലെങ്കിൽ ഒരു മാസത്തിനകം തന്റെ വീട്ടിൽ ഇ.ഡി റെയ്ഡും, അറസ്റ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചതായി ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി ഇന്നലെ വാർത്താസമ്മളനത്തിൽ വെളിപ്പെടുത്തി. ഈ ഭീഷണിയിൽ ഭയപ്പെടാൻ പോകുന്നില്ല. തനിക്ക് പുറമെ ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ്, ദുർഗേഷ് പതക് എം.എൽ.എ, രാഘവ് ഛദ്ദ എന്നിവരെ അറസ്റ്റ് ചെയ്യാനും ശ്രമമുണ്ട്. ഇ.ഡിയുടെ അറസ്റ്റ് ഭീഷണി അടുത്ത സഹായി
മുഖേനയാണ് ബി.ജെ.പി അറിയിച്ചത്. മദ്യനയക്കേസിൽ തന്റെയും സൗരഭ് ഭരദ്വാജിന്റെയും പേരുകൾ ഇ.ഡി കോടതിയിൽ പറഞ്ഞു. ഒന്നര വർഷമായി ഇ.ഡിയുടെ പക്കലുള്ള മൊഴി പൊടുന്നനെ കോടതിയിൽ പറയേണ്ട കാര്യമെന്തായിരുന്നു ? കുറ്രപത്രത്തിലും ഈ മൊഴിയുണ്ട്. മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരോടാണ് കേസിലെ ഇടനിലക്കാരനായ വിജയ് നായർ റിപ്പോർട്ട് ചെയ്യുന്നതെന്ന് കേജ്‌രിവാൾ പറഞ്ഞതായാണ് ഇ.ഡി തിങ്കളാഴ്ച്ച കോടതിയെ അറിയിച്ചിരുന്നത്. അരവിന്ദ് കേജ്‌രിവാൾ, മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, സത്യേന്ദർ ജെയ്ൻ എന്നിവരെ ജയിലിലടച്ചിട്ടും പാർട്ടി ഒറ്രക്കെട്ടായി മുന്നോട്ടു പോകുന്നത് കണ്ടിട്ടാണ് ബി.ജെ.പിയുടെ പുതിയ നീക്കങ്ങൾ. പാർട്ടിയുടെ രണ്ടാംനിര നേതാക്കളെ ജയിലിലിടാനാണ് പദ്ധതി തയ്യാറാകുന്നതെന്നു അതിഷി ആരോപിച്ചു.
അരവിന്ദ് കേജ്‌രിവാൾ മുഖ്യമന്ത്രി പദം രാജിവയ്ക്കാൻ കാരണങ്ങളില്ലെന്ന് അതിഷി വ്യക്തമാക്കി. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടു വർഷത്തിന് മേലേയുള്ള ശിക്ഷ ലഭിച്ചാൽ അയോഗ്യനാകും. കേജ്‌രിവാളിനെ ഒരു കോടതിയും ശിക്ഷിച്ചിട്ടില്ല. ഡൽഹി നിയമസഭയിൽ മികച്ച ഭൂരിപക്ഷമുണ്ടെന്നും അതിഷി പറഞ്ഞു.
 നിഷേധിച്ച് ബി.ജെ.പി 
അതിഷിയുടെ ആരോപണങ്ങളെ ബി.ജെ.പി നിഷേധിച്ചു. ഇടനിലക്കാരനായ വിജയ് നായർ മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരോടാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് കേജ്‌രിവാൾ പറഞ്ഞത് അവരെ ആശങ്കയിലാക്കിയിരിക്കുകയാണ്. കേജ്രിവാളിന് മറ്റെന്തോ പദ്ധതിയുണ്ട്. ആരാണ് സമീപിച്ചതെന്നത് പുറത്തു വിടണമെന്ന് ബി.ജെ.പി നേതാവ് ഹരീഷ് ഖുറാന ആവശ്യപ്പെട്ടു.