
ന്യൂഡൽഹി : 1974ൽ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട് ഡി.എം.കെ ഇപ്പോൾ വ്യാജപ്രചാരണം നടത്തുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിഷയം സജീവമാക്കി ബി.ജെ.പി നിറുത്തുന്നതിനിടെ ചെന്നൈയിൽ സംഘടിപ്പിച്ച വികസിത് ഭാരത് അംബാസഡർ ക്യാമ്പസ് ഡയലോഗ് പരിപാടിക്ക് ശേഷം സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. നിരുത്തരവാദപരമായ പ്രസ്താവനകളാണ് ഡി.എം.കെയിൽ നിന്നുണ്ടാകുന്നത്. കോൺഗ്രസിന്റെ നീക്കം അറിഞ്ഞിട്ടും അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായിരുന്ന എം. കരുണാനിധി തടഞ്ഞില്ല. കച്ചത്തീവ് ദ്വീപ് നഷ്ടപ്പെട്ടതു പോയതിനെ കുറിച്ച് കോൺഗ്രസ് രാജ്യത്തോട് വിശദീകരിക്കണം. കച്ചത്തീവ് ശല്ല്യമാണെന്നായിരുന്നു മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ നിലപാടെന്നും കുറ്രപ്പെടുത്തി. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസിനും ഡി.എം.കെയ്ക്കും എതിരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. തിരഞ്ഞെടുപ്പ് മാത്രം ഉന്നമിട്ടാണ് വിഷയം ഇപ്പോൾ ഉയർത്തികൊണ്ടുവരുന്നതെന്നാണ് കോൺഗ്രസും ഡി.എം.കെയും പ്രതികരിച്ചത്.
അതേസമയം, കച്ചത്തീവ് വിഷയം വിവാദമാക്കരുതെന്ന് വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ വിദേശ കാര്യ സെക്രട്ടറിമാരായി പ്രവർത്തിച്ചിട്ടുള്ള ശിവശങ്കർ മേനോൻ, നിരുപമ റാവു എന്നിവരും മുൻ മുൻ ഹൈക്കമ്മിഷണർ അശോക് കാന്തയും പറഞ്ഞു. വിഷയം രാഷ്ട്രീയ പ്രചാരണ വിഷയമാക്കിയാൽ സെൽഫ് ഗോളാകുമെന്ന് ശിവശങ്കർ മേനോനും വിവാദമാക്കുന്നത് ശ്രീലങ്കയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് നിരുപമ റാവുവും വ്യക്തമാക്കി. സർക്കാരുകൾ മാറുന്നതിന് അനുസരിച്ച് നയതന്ത്ര നിലപാടുകൾ മാറ്റുന്നത് രാജ്യത്തിന് നല്ലതല്ലെന്ന് അശോക് കാന്തയുടെ അഭിപ്രായപ്പെട്ടു. എന്നാൽ, കച്ചത്തീവ് വിഷയത്തിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ പ്രശ്നങ്ങളില്ലെന്ന് ശ്രീലങ്കൻ അധികൃതർ അറിയിച്ചു.