
ന്യൂഡൽഹി: മദ്യനയക്കേസിലെ ഇ.ഡി അറസ്റ്റിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സമർപ്പിച്ച ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ഹർജിയെ ശക്തമായി എതിർത്ത ഇ.ഡി, കേജ്‌രിവാളിനെതിരെ ഗുരുതര ആരോപണങ്ങൾ ആവർത്തിച്ചു.
നൂറുകോടി കോഴയിടപാടിലെ മുഖ്യ സൂത്രധാരനാണ് (കിംഗ്പിൻ) കേജ്‌രിവാളെന്നും വ്യക്തിപരമായും ആം ആദ്മി പാർട്ടി ദേശീയ കൺവീനർ എന്ന നിലയിലും പങ്കുണ്ടെന്നും ഇ.ഡിക്കുവേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു അറിയിച്ചു.
രാഷ്ട്രീയലക്ഷ്യത്തോടെ തിരഞ്ഞെടുപ്പിൽ നിന്ന് മാറ്റിനിറുത്താനാണ് അറസ്റ്റെന്ന് കേജ്‌രിവാളിനുവേണ്ടി ഹാജരായ അഡ്വ. അഭിഷേക് മനു സിംഗ്വി വാദിച്ചു. കോഴപ്പണം എവിടെയെന്നും ചോദിച്ചു. തിരഞ്ഞെടുപ്പും അറസ്റ്റുമായി ബന്ധമില്ലെന്ന് ഇ.ഡി വ്യക്തമാക്കി. പുണ്യവാളനെന്ന് നടിക്കുന്ന കേജ്‌രിവാൾ കൗശലപൂർവമാണ് ഇടപാടുകൾ നടത്തിയിരിക്കുന്നത്. അഴിമതിപ്പണം മറ്റുള്ളവർക്ക് കൊടുത്തിട്ടുണ്ടെങ്കിൽ എങ്ങനെ വീട്ടിൽ നിന്ന് കണ്ടെത്താനാകുമെന്ന് ഇ.ഡി തിരിച്ചുചോദിച്ചു.
ഇരുഭാഗത്തിന്റേയും വാദം പൂർത്തിയായതിനെ തുടർന്നാണ് ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ വിധി പറയാൻ മാറ്റിയത്. ഉടനടി മോചിപ്പിക്കണമെന്നാണ് കേജ്‌രിവാളിന്റെ ആവശ്യം.
തെളിവുണ്ടെന്ന് ഇ.ഡി
കോഴ ഇടപാടുമായി ബന്ധപ്പെട്ട വാട്സാപ് ചാറ്റുകൾ, ഹവാല ഓപ്പറേഷനുമായി ബന്ധപ്പെട്ട മൊഴികൾ, ആദായനികുതി രേഖകൾ എന്നിവ പക്കലുണ്ടെന്ന് ഇ.ഡി ഹൈക്കോടതിയെ അറിയിച്ചു.
1. കുറ്റക്കാരെ തിരഞ്ഞെടുപ്പായതിനാൽ അറസ്റ്റുചെയ്യാൻ പാടില്ലെന്നു പറയുന്നത് പരിഹാസ്യമാണ്
2. മുഖ്യമന്ത്രിയായതിനാൽ അറസ്റ്രുചെയ്യാൻ പാടില്ലേ?
3. അന്വേഷണം നിർണായകഘട്ടത്തിലാണെന്നത് ഹൈക്കോടതി പരിഗണിക്കണം
പക്ഷപാത നിലപാടെന്ന് കേജ്‌രിവാൾ
ക്രിമിനൽ നിയമങ്ങൾ ഈമട്ടിൽ ദുരുപയോഗിക്കരുതെന്ന് അഡ്വ. അഭിഷേക് മനു സിംഗ്വി വ്യക്തമാക്കി.
1. അറസ്റ്റിന് കൃത്യമായ കാരണങ്ങളില്ല
2. മാപ്പുസാക്ഷികളെ ഭീഷണിപ്പെടുത്തി കേജ്‌രിവാളിനെതിരെ മൊഴി വാങ്ങി
3. മാപ്പുസാക്ഷികളായ ശരത് റെഡ്ഡി, രാഘവ് മാഗുന്ത തുടങ്ങിയവർക്ക് ഭരണകക്ഷിയുമായി ബന്ധം