
ന്യൂഡൽഹി: 2019 ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബംഗാളിലെ ബിഷ്ണുപൂർ മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി സൗമിത്ര ഖാൻ ആയിരുന്നു. ഒരു ക്രിമിനൽ കേസിൽ പ്രതിയായിരുന്ന സൗമിത്ര ഖാൻ മണ്ഡലത്തിൽ പ്രവേശിക്കരുതെന്ന് കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ ഭാര്യ സുജാത മൊണ്ഡൽ അദ്ദേഹത്തിന് ധൈര്യം പകർന്നു. സൗമിത്ര ഖാന്റെ ഫോട്ടോയുമായി ജനങ്ങൾക്കിടയിൽ സുജാത പ്രചാരണം നടത്തി. തുടർന്ന് 78,047 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സൗമിത്ര ഖാൻ ജയിച്ചു.
2024 ആയപ്പോൾ കഥ മാറി. ഇരുവരും വിവാഹമോചിതരായി. സുജാത മൊൻഡൽ തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറി. പാർട്ടി അദ്ധ്യക്ഷ മമത ബാനർജി, സുജാതയെ ബിഷ്ണുപൂരിൽ സ്ഥാനാർത്ഥിയാക്കി. 2019ൽ ഒരുമെയ്യായ് നിന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടവർ, ഇന്ന് പര്സപരം നോക്കി ചീറുകയാണ്. 'അഗ്നിപരീക്ഷ" എന്നാണ് പോരാട്ടത്തെ സുജാത വിശേഷിപ്പിച്ചത്.
വിവാഹമോചിതർ തമ്മിലുള്ള മത്സരം മണ്ഡലത്തെ ദേശീയ ശ്രദ്ധയിൽ എത്തിച്ചിരിക്കുകയാണ്. വോട്ടർമാർ ആരെ തുണയ്ക്കുമെന്നാണ് രാഷ്ട്രീയവൃത്തങ്ങൾ ഉറ്രുനോക്കുന്നത്. പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത മണ്ഡലമാണിത്. മേയ് 25ന് ആറാംഘട്ടത്തിലാണ് വോട്ടെടുപ്പ്.
1971 മുതൽ 2009 വരെ സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായിരുന്നു ബിഷ്ണുപൂർ. 2014ൽ തൃണമൂൽ കോൺഗ്രസ് ടിക്കറ്റിൽ സൗമിത്ര ഖാൻ വിജയിച്ചു. 2019ൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചു. 2011ൽ കോൺഗ്രസ് ടിക്കറ്റിൽ നിയമസഭയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2016ലാണ് സുജാതയുമായുള്ള വിവാഹം.
2021ലെ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിനിടെ സുജാത തൃണമൂൽ കോൺഗ്രസിൽ ചേർന്നതോടെയാണ് ദാമ്പത്യത്തിൽ വിള്ളൽ വീണത്. വേർപിരിയുകയാണെന്ന് ഖാൻ പരസ്യമായി പറഞ്ഞു. സുജാത ആരംബാഗ് നിയമസഭ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2022ൽ ഇരുവരും നിയമപരമായി വേർപെട്ടു. ആ വർഷം തന്നെ സൗമിത്ര ഖാൻ പുനർവിവാഹവും ചെയ്തു. ഇതിനുപിന്നാലെ തന്റെ പേരിനൊപ്പം ചേർത്തിരുന്ന 'ഖാൻ" സുജാത ഒഴിവാക്കി.
2019ലെ ഫലം
സൗമിത്ര ഖാൻ (ബി.ജെ.പി)- 657,019 വോട്ടുകൾ
വോട്ടു വിഹിതം - 46.25 %
ശ്യാമൾ സാന്ദ്ര (തൃണമൂൽ കോൺഗ്രസ്) - 5,78,972 വോട്ടുകൾ, 40.75 %
സുനിൽ ഖാൻ (സി.പി.എം)- 1,02,615 വോട്ടുകൾ, 7.22 %
ഫോട്ടോ ക്യാപ്ഷൻ : സൗമിത്ര ഖാൻ, സുജാത മൊണ്ഡൽ