s

ന്യൂഡൽഹി: മദ്യനയക്കേസിലെ ഇ.ഡി അറസ്റ്റിനുപിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു നാലര കിലോ ശരീരഭാരം കുറഞ്ഞെന്ന് വിദ്യാഭ്യാസമന്ത്രി അതിഷി. പ്രമേഹബാധിതനാണ് അദ്ദേഹം. ജയിലിൽ ആരോഗ്യനില മോശമാകുന്നു. ബി.ജെ.പിയോട് രാജ്യവും ദൈവവും പൊറുക്കില്ല. കേജ്‌രിവാളിന് എന്തെങ്കിലും സംഭവിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്നും അതിഷി മുന്നറിയിപ്പ് നൽകി. തിഹാർ ജയിലിനുപുറത്ത് ഇന്നലെയും ആം ആദ്മി പാർട്ടി പ്രവർത്തകർ പ്രതിഷേധിച്ചു.

തള്ളി ജയിൽ അധികൃതർ

കേജ്‌രിവാളിന്റെ ശരീരഭാരം 65 കിലോയിൽ തന്നെ തുടരുന്നുവെന്ന് തിഹാർ ജയിൽ അധികൃതർ വ്യക്തമാക്കി. ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിക്കുന്നുണ്ട്. ആരോഗ്യനില തൃപ്തികരമാണ്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ, വീട്ടിൽ നിന്നെത്തിക്കുന്ന ഭക്ഷണമാണ് കഴിക്കുന്നതെന്നും അറിയിച്ചു. പ്രശസ്തിക്കുവേണ്ടി കേജ്‌രിവാളിനെ കൊലപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്ന രണ്ടാം നമ്പർ ജയിലിൽ സുരക്ഷ ശക്തമാക്കി.

ഞായറാഴ്ച ഉപവാസ സമരം

അറസ്റ്റിൽ പ്രതിഷേധിച്ച് ഡൽഹി ജന്തർ മന്ദറിൽ ഞായറാഴ്ച ആം ആദ്മി പാർട്ടി ഉപവാസ സമരം നടത്തും. ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവർ അന്ന് രാജ്യവ്യാപകമായി ഉപവാസം അനുഷ്ഠിക്കണമെന്ന് ഡൽഹി പൊതുഭരണമന്ത്രി ഗോപാൽ റായ് ആഹ്വാനം ചെയ്തു.

അതിഷിക്ക് വക്കീൽ നോട്ടീസ്

ബി.ജെ.പിയിൽ ചേർന്നില്ലെങ്കിൽ ഒരുമാസത്തിനകം തന്റെ വീട്ടിൽ ഇ.ഡി റെയിഡും അറസ്റ്റുമുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതായുള്ള അതിഷിയുടെ വെളിപ്പെടുത്തലിനെതിരെ വക്കീൽ നോട്ടീസ്. അപകീർത്തികരമായ പ്രസ്താവനയെന്ന് ആരോപിച്ച് ബി.ജെ.പി ഡൽഹി ഘടകമാണ് നോട്ടീസ് അയച്ചത്. അതിഷി പരസ്യമായി മാപ്പുപറയണമെന്നും ബി.ജെ.പി ഡൽഹി അദ്ധ്യക്ഷൻ വിരേന്ദ്ര സച്ച്ദേവ ആവശ്യപ്പെട്ടു.