
ന്യൂഡൽഹി: മദ്യനയക്കേസിൽ ആം ആദ്മി പാർട്ടിയുടെ രാജ്യസഭ എം.പി സഞ്ജയ് സിംഗിന് ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഉത്തരവിൽ സുഷമാ സ്വരാജിന്റെ മകളും അഭിഭാഷകയുമായ ബാൻസുരി സ്വരാജിന്റെ പേര് കടന്നുകൂടിയത് സുപ്രീംകോടതി നീക്കി. ഇ.ഡി അഭിഭാഷകനായ സൊഹേബ് ഹൊസൈനാണ് പിശക് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. കേസിൽ ഇ.ഡിക്ക് വേണ്ടി ബാൻസുരി ഹാജരായിട്ടില്ലെന്ന് അറിയിച്ചു. ഇതോടെ, പേരു നീക്കം ചെയ്യാമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് സമ്മതിച്ചു. ബി.ജെ.പിയുടെ ന്യൂഡൽഹി മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് അഡ്വ. ബാൻസുരി സ്വരാജ്. ഉത്തരവിൽ ബാൻസുരിയുടെ പേര് വന്നത് ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി രംഗത്തെത്തി. ഇ.ഡിയും ബി.ജെ.പിയും ഒന്നാണെന്ന് തെളിഞ്ഞതായി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് ആരോപിച്ചിരുന്നു.