s

ന്യൂഡൽഹി: രാജസ്ഥാനിൽ ഏറെ ശ്രദ്ധേയ പോരാട്ടമാണ് കാർഷിക പ്രദേശമായ സിക്കറിൽ. ബി.ജെ.പി സിറ്റിംഗ് എംപിക്കെതിരെ 'ഇന്ത്യ' ബാനറിൽ സി.പി.എം സ്ഥാനാർത്ഥി. ബി.ജെ.പിയുടെ കേരളത്തിലെ ആജൻമ ശത്രുക്കളായ സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും കൊടികൾ സിക്കറിൽ ഒന്നിച്ചു പാറുന്നു.

എ.കെ.ജിയുടെ കർഷക പോരാട്ടങ്ങൾക്ക് സാക്ഷിയായ സിക്കറിൽ സി.പി.എമ്മിന് പണ്ടേ സ്വാധീനമുണ്ട്. എസ്.എഫ്.ഐയിലൂടെ രാഷ്‌ട്രീയത്തിലെത്തി നാല് തവണ എം.എൽ.എ ആയ സംസ്ഥാന സെക്രട്ടറി അമരാറാം ചൗധരിയാണ് സി.പി.എം സ്ഥാനാർത്ഥി. 1996ന് ശേഷം ഏഴുതവണ സിക്കറിൽ ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും ജയിച്ചില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു വരെ ബി.ജെ.പിക്കൊപ്പം മുഖ്യ എതിരാളിയായിരുന്നു കോൺഗ്രസും. അവരുമായി കൈകോർത്ത് എട്ടാം അങ്കം. പ്രചാരണത്തിനിടെ കണ്ടപ്പോൾ അദ്ദേഹം കേരളകൗമുദിയുമായി സംസാരിച്ചു:

വീണ്ടും ജനങ്ങളെ അഭിമുഖീകരിക്കുമ്പോൾ?

 കാർഷിക മേഖലയായതിനാൽ താങ്ങുവിലയും വിലക്കയറ്റവുമാണ് പ്രചാരണ വിഷയങ്ങൾ. കർഷകരെ ബി.ജെ.പി സർക്കാർ ഭീകരവാദികളെപ്പോലെയാണ് കണ്ടത്. അഗ്‌നിവീർ വിരുദ്ധ വികാരവും ഗുണം ചെയ്യും.

 ബി.ജെ.പിയുടെ വികസന മുദ്രാവാക്യം

ബി.ജെ.പി വികസന മുദ്രാവാക്യം വെറും വാക്കാണ്. ന്യൂനപക്ഷങ്ങളും പിന്നാക്ക, ദളിത് വിഭാഗങ്ങളും തൊഴിലാളികളും അവഗണിക്കപ്പെട്ടു. അദാനിക്കും അംബാനിക്കും മാത്രമാണ് ഗുണമുണ്ടായത്.

 ഇന്ത്യ മുന്നണിയിൽ മത്സരിക്കുമ്പോൾ?

കോൺഗ്രസ് മികച്ച പിന്തുണ നൽകുന്നു. ബാബയെ (ബി.ജെ.പി സ്ഥാനാർത്ഥി) ആശ്രമത്തിലേക്ക് തിരിച്ചയയ‌്ക്കും. സിക്കറിൽ 'ഇന്ത്യ' ജയിക്കും.

'ഇന്ത്യ' പ്രതീക്ഷകൾ:

സിക്കറിലെ എട്ട് അസംബ്ളി സീറ്റിൽ അഞ്ചിലും ബി.ജെ.പി തരംഗമുണ്ടായ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസാണ് ജയിച്ചത്. സിറ്റിംഗ് എംപി സുമേധാനന്ദ് സരസ്വതി ഹരിയാന സ്വദേശിയാണ്. എംപി തിരിഞ്ഞു നോക്കാറില്ലെന്ന് പരാതിയുണ്ട്. 'ഇന്ത്യ' സ്ഥാനാർത്ഥി ജനപ്രിയനും നാട്ടുകാരനും. (2014ൽ ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ എതിർപ്പ് തള്ളിയാണ് സുമേധാനന്ദ് സരസ്വതി സിക്കറിൽ എത്തിയത്. മോദി തരംഗത്തിൽ ജയിച്ചു.)ബി.ജെ.പി നിരാശയിലാണ്. അമിത് ഷായുടെ റോഡ് ഷോയിൽ ആളില്ലായിരുന്നു. മോദിയെ കൊണ്ടുവരാൻ ശ്രമം നടക്കുകയാണ്.

ജാട്ട് നിലപാട്:

രണ്ടു സ്ഥാനാർത്ഥികളും ജാട്ട് സമുദായക്കാർ. മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായം. ജാട്ടുകൾ ബി.ജെ.പിയോട് അനുകൂലമല്ലെന്ന് സംസാരം.


മോദി ഗാരണ്ടി മുഖ്യം: ബി.ജെ.പി

മോദി പ്രഭാവത്തിൽ 'ഇന്ത്യ' കൂട്ടുകെട്ട് ഏശില്ലെന്ന് ബി.ജെ.പി തിരഞ്ഞെടുപ്പ് ചുമതലയുള്ള മനോഹർലാൽ സൈനി. കോൺഗ്രസുകാർ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ വോട്ടു ചെയ്യില്ല. സിക്കർ സ്വദേശിയായ പി.സി.സി അദ്ധ്യക്ഷൻ ഗോവിന്ദ് സിംഗ് ദൊത്രാസ്ര അടക്കം നേതാക്കൾ തോൽവി ഭയന്ന് മത്സരിക്കുന്നില്ല. ബി.ജെ.പി സ്ഥാനാർത്ഥിക്കല്ല, മോദിക്കാണ് വോട്ടു ചെയ്യുക. മോദിയുടെ ഗാരണ്ടിയാണ് മുഖ്യം. രാമക്ഷേത്രം, 370-ാം വകുപ്പ് റദ്ദാക്കൽ എന്നിവ സ്വാധീനിക്കും.