sanjay-singh

ന്യൂഡൽഹി: മദ്യനയക്കേസിൽ സുപ്രീംകോടതി ജാമ്യം ലഭിച്ച ആം ആദ്മി രാജ്യസഭാ എം.പി സഞ്ജയ് സിംഗ് തീഹാറിൽ ജയിലിൽ നിന്ന് മോചിതനായി. അറസ്റ്റിലായി 182ാം ദിവസമാണ് പുറത്തിറങ്ങാനായത്. ഇന്നലെ രാത്രി എട്ടേകാലോടെ മോചിതനായ സഞ്ജയ് സിംഗിനെ നൂറുകണക്കിന് പ്രവർത്തകർ പുഷ്പഹാരം അണിയിച്ചും, വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ നൃത്തംവച്ചും വരവേറ്റു. വൻ സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിരുന്നു. വീട്ടിലും ആഘോഷപൂർവം അദ്ദേഹത്തെ വരവേറ്റു. ദൃശ്യങ്ങൾ തത്സമയം കാണിക്കാൻ ആം ആദ്മി ഓഫീസിൽ എൽ.ഇ.ഡി സ്ക്രീനുകൾ ഒരുക്കിയിരുന്നു. ജയിലിലെ പൂട്ടുകൾ തകർക്കപ്പെടുമെന്നും കേജ്‌രിവാൾ ഉൾപ്പെടെ നേതാക്കൾ പുറത്തുവരുമെന്നും സഞ്ജയ് സിംഗ് പ്രതികരിച്ചു. സന്തോഷിക്കാനുള്ള സമയമല്ല. പോരാട്ടത്തിന്റെ സമയമാണ്. എല്ലാവരും പുറത്തിറങ്ങിയാലേ സന്തോഷിക്കാനാവു. പുറത്തിറങ്ങിയതിന് പിന്നാലെ കേജ്‌രിവാളിന്റെ ഭാര്യ സുനിതയെ സന്ദർശിച്ചു.