
ന്യൂഡൽഹി: മദ്യനയക്കേസിൽ തീഹാർ ജയിലിൽ കഴിയുന്ന അരവിന്ദ് കേജ്രിവാളിനെ മുഖ്യമന്ത്രി പദവിയിൽ നിന്ന് നീക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. ചില സമയങ്ങളിൽ വ്യക്തിതാത്പര്യം രാജ്യതാത്പര്യത്തിന് വിധേയമായിരിക്കണം. എന്നാൽ മുഖ്യമന്ത്രി പദവിയിൽ തുടരണമോയെന്നത് കേജ്രിവാൾ തീരുമാനിക്കേണ്ട വിഷയമാണ്. മുഖ്യമന്ത്രിയെ മാറ്റണമോയെന്നതിൽ കോടതിക്ക് ഇടപെടാനാകില്ല. ഭരണപ്രതിസന്ധിയുണ്ടോ എന്നത് ഡൽഹി ലെഫ്റ്രനന്റ് ഗവർണറോ, രാഷ്ട്രപതിയോ പരിശോധിക്കേണ്ട വിഷയമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹിന്ദുസേന അദ്ധ്യക്ഷൻ വിഷ്ണു ഗുപ്ത സമർപ്പിച്ച പൊതുതാത്പര്യഹർജി പരിഗണിക്കുകയായിരുന്നു ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹനും ജസ്റ്റിസ് മൻമീത് പ്രീതം സിംഗ് അറോറയും അടങ്ങിയ ഡിവിഷൻ ബെഞ്ച്.
സർക്കാർ ചലിക്കുന്നില്ലെന്ന് കോടതിക്ക് എങ്ങനെ പറയാൻ കഴിയും? ലെഫ്റ്റനന്റ് ഗവർണർക്ക് അക്കാര്യം തീരുമാനിക്കാൻ അധികാരമുണ്ട്. കോടതി ഉപദേശിക്കേണ്ട കാര്യമില്ല. ഉപദേശിക്കാൻ തങ്ങളാരുമല്ല. നിയമപ്രകാരം എന്തുചെയ്യാൻ കഴിയുമോ അത് ലെഫ്റ്റനന്റ് ഗവർണർ ചെയ്യും. കോടതി രാഷ്ട്രപതി ഭരണത്തിനോ ഗവർണർ ഭരണത്തിനോ ഉത്തരവിട്ട കീഴ്വഴക്കുമുണ്ടോ? ഹർജിക്കാരന് ലെഫ്റ്റനന്റ് ഗവർണറെയോ, രാഷ്ട്രപതിയെയോ സമീപിക്കാവുന്നതാണെന്നും കൂട്ടിച്ചേർത്തു. ഇതോടെ ഹിന്ദു സേന അദ്ധ്യക്ഷൻ ഹർജി പിൻവലിച്ചു. സമാന ആവശ്യമുന്നയിച്ച മറ്റൊരു ഹർജി മാർച്ച് 28ന് ഹൈക്കോടതി നിരസിച്ചിരുന്നു.
അഞ്ച് ദിവസം അഭിഭാഷകരെ
കാണണമെന്ന് കേജ്രിവാൾ
ആഴ്ച്ചയിൽ അഞ്ച് ദിവസം അഭിഭാഷകരെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മദ്യനയക്കേസിൽ തീഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ കോടതിയെ സമീപിച്ചു. നിലവിൽ അനുവദിച്ച രണ്ടുദിവസം അഞ്ചാക്കണമെന്നാണ് ഡൽഹി റൗസ് അവന്യു കോടതിയിൽ സമർപ്പിച്ച അപേക്ഷയിലെ ആവശ്യം. വിവിധ സംസ്ഥാനങ്ങളിലായി നിരവധി കേസുകളുണ്ടെന്നാണ് വാദം. ആവശ്യത്തിൽ കോടതി ഇ.ഡിയുടെയും തീഹാർ ജയിൽ അധികൃതരുടെയും നിലപാട് തേടി. അപേക്ഷ ഇന്ന് വീണ്ടും പരിഗണിച്ചേക്കും. അതേസമയം, കേജ്രിവാളിന് ജയിലിൽ ഫയൽ പരിശോധിക്കാൻ അനുമതി നൽകില്ലെന്നാണ് റിപ്പോർട്ട്. ജയിലിൽ കിടന്ന് ഭരിക്കുമെന്ന് കേജ്രിവാളും ആം ആദ്മി പാർട്ടിയും പ്രഖ്യാപിച്ചിരുന്നു. ഇതിനെ എതിർത്ത് ബി.ജെ.പി രംഗത്തുണ്ട്.
ജയിലഴിക്കുള്ളിലെ കേജ്രിവാൾ
ഇന്നലെ അരവിന്ദ് കേജ്രിവാളിന്റെ സന്ദേശം ജനങ്ങളെ അറിയിക്കുന്ന വീഡിയോയുടെ പശ്ചാത്തലത്തിൽ ജയിലഴിക്കുള്ളിലെ കേജ്രിവാളിനെ കണ്ടത് ചർച്ചയായി. ഇതുവരെ ഭഗത് സിംഗിന്റെയും ഡോ.ബി.ആർ. അംബേദ്ക്കറുടെയും ചിത്രങ്ങളായിരുന്നു പശ്ചാത്തലത്തിൽ. താൻ ജയിലിലായതു കൊണ്ട് ഡൽഹിയിലെ ജനം ബുദ്ധിമുട്ടില്ലെന്ന് കേജ്രിവാൾ അറിയിച്ചതായി വീഡിയോയിൽ സുനിത വ്യക്തമാക്കി. എല്ലാ എം.എൽ.എമാരും എല്ലാദിവസവും തങ്ങളുടെ മണ്ഡലത്തിലെ ജനങ്ങളെ കണ്ട് പ്രശ്നങ്ങളുണ്ടോയെന്ന് തിരക്കണം. പ്രശ്നങ്ങൾ പരിഹരിക്കണമെന്നും കേജ്രിവാൾ നിർദ്ദേശം നൽകിയതായി സുനിത അറിയിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി ഡൽഹി ഘടകം അദ്ധ്യക്ഷൻ വിരേന്ദ്ര സച്ച്ദേവ പ്രതികരിച്ചു.
ജയിൽ ജീവിതം കരുത്തനാക്കിയെന്ന് സഞ്ജയ് സിംഗ്
182 ദിവസത്തെ ജയിൽ ജീവിതം കരുത്തനാക്കിയെന്ന് ജാമ്യം കിട്ടി പുറത്തിറങ്ങിയ സഞ്ജയ് സിംഗ്. അനീതിക്കും ഏകാധിപത്യത്തിനും എതിരെ പോരാടാൻ ശക്തി വർദ്ധിച്ചു. കേജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന പാർട്ടി നിലപാട് ആവർത്തിച്ചു. കേജ്രിവാളിന് പുറമെ ആം ആദ്മി നേതാക്കളായ മനീഷ് സിസോദിയ, സത്യേന്ദർ ജെയ്ൻ എന്നിവർക്ക് നീതി ലഭിച്ച് ഉടൻ മോചിതരാകുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.