
ന്യൂഡൽഹി : എൻ.സി.ഇ.ആർ.ടി 11,12 ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങൾ പരിഷ്ക്കരിച്ചപ്പോൾ സുപ്രധാനമായ പല സംഭവങ്ങളുടെയും നിർണായകവിവരങ്ങൾ ഒഴിവാക്കി. ബാബറി മസ്ജിദ് തകർക്കൽ, ഗുജറാത്ത് കലാപം, മണിപ്പൂർ ലയനം എന്നിവയാണ് ചുരുക്കത്തിയത്. ചില ഹിന്ദുത്വ പരാമർശങ്ങളും നീക്കി. രാമക്ഷേത്ര നിർമ്മാണം കൂട്ടിച്ചേർത്തു. ഇന്ത്യയിലേക്ക് ആര്യന്മാർ കുടിയേറിയോ എന്നത് കൂടുതൽ പഠനവിധേയമാക്കണമെന്ന് 12ാം ക്ലാസിലെ ചരിത്രപുസ്തകത്തിൽ പറയുന്നു.
പഴയതും പുതിയതും
11ാം ക്ലാസ് പൊളിറ്റിക്കൽ സയൻസിൽ മതേതരത്വം എന്ന എട്ടാം അദ്ധ്യായത്തിൽ' 2002ലെ ഗുജറാത്ത് കലാപത്തിൽ ആയിരത്തിലധികം പേർ, ഭൂരിഭാഗവും മുസ്ലീങ്ങൾ, കൊല്ലപ്പെട്ടെന്നാണ് നേരത്തെയുണ്ടായിരുന്നത്. 'ഭൂരിഭാഗവും മുസ്ലീങ്ങൾ' എന്ന പരാമർശം ഒഴിവാക്കി. അഞ്ചാം അദ്ധ്യായത്തിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള പരാമർശത്തിൽ ഗുജറാത്ത് കലാപം ഇനിയുണ്ടാകില്ല.
എട്ടാം അദ്ധ്യായത്തിൽ ബാബറി മസ്ജിദ് തകർക്കൽ പരാമർശം ഒഴിവാക്കി. രാമജന്മഭൂമി സമരം നിലനിർത്തി. രാമക്ഷേത്രത്തെ കുറിച്ച് പുതിയ വിവരങ്ങൾ ചേർത്തു. ഹിന്ദുത്വ രാഷ്ട്രീയത്തെ കുറിച്ചുള്ള പരാമർശങ്ങൾ നീക്കി.ബാബറി മസ്ജിദ് തകർക്കൽ വലിയ രാഷ്‌ട്രീയ മാറ്റങ്ങളുണ്ടാക്കിയെന്നും, ഇന്ത്യൻ ദേശീയതയെയും മതേതരത്വത്തെയും കുറിച്ചുള്ള സംവാദങ്ങൾ വർദ്ധിപ്പിച്ചെന്നുമാണ് നേരത്തെ പരാമർശിച്ചിരുന്നത്. ബി.ജെ.പിയുടെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും വളർച്ച ചൂണ്ടിക്കാട്ടിയിരുന്നു. രാമജന്മഭൂമി സമരം ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ചുള്ള ചർച്ചയ്ക്ക് ദിശാമാറ്റം കൊണ്ടുവന്നുവെന്നും, രാമക്ഷേത്ര നിർമ്മാണത്തിൽ കലാശിച്ചെന്നുമാണ് ഇനി പഠിക്കേണ്ടത്.
മണിപ്പൂർ രാജാവിനെ 'സമ്മർദ്ദത്തിലാക്കുന്നതിൽ' ഇന്ത്യൻ സർക്കാർ വിജയിച്ചെന്നും, ലയനം സാദ്ധ്യമായെന്നുമുള്ളതിൽ 'സമ്മർദ്ദത്തിലാക്കി' എന്ന വാക്ക് ഒഴിവാക്കി 'അനുനയിപ്പിച്ചു' എന്നാക്കി. 'ആസാദ് കാശ്മീർ' എന്ന് പാകിസ്ഥാൻ വിളിക്കുന്ന മേഖലയെ 'പാക് അധീന ജമ്മുകാശ്മീർ' എന്നാക്കി.
എൻ.സി.ഇ.ആർ.ടി വിശദീകരണം
പതിവേ പരിഷ്‌കാരം മാത്രമാണെന്നാണ് എൻ.സി.ഇ.ആർ.ടി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. ഏതു കലാപത്തിലും എല്ലാ വിഭാഗം ജനങ്ങളും ബുദ്ധിമുട്ടുമെന്നാണ്, ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഒഴിവാക്കലിലെ ന്യായീകരണം. രാമജന്മഭൂമി രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ സംഭവവികാസമായതിനാലാണ് ചേർത്തത്.