
ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തീഹാർ ജയിലിൽ തുടരുന്നതിനിടെ, ഭാര്യ സുനിത കേജ്‌രിവാളിനെ കളത്തിലിറക്കാനുള്ള നീക്കം ശക്തമാക്കി ആം ആദ്മി പാർട്ടി. സുനിതയെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറക്കി കേജ്‌രിവാളിന്റെ സാന്നിദ്ധ്യം നിലനിറുത്താനാണ് പാർട്ടിയുടെ ശ്രമം. പാർട്ടിയെ ഒറ്രക്കെട്ടായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന മികച്ച വ്യക്തി സുനിതയാണെന്ന് ഇന്നലെ ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് പ്രതികരിച്ചത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്ത വലിയ മണ്ടത്തരമാണ് കേജ്‌രിവാളിന്റെ അറസ്റ്റെന്നും സൗരഭ് പറഞ്ഞിരുന്നു. കേജ്‌രിവാളിന്റെ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത് സുനിതയാണ്. മാർച്ച് 31ന്
'ഇന്ത്യ' മുന്നണി രാംലീലാ മൈതാനിയിൽ മഹാറാലി നടത്തിയപ്പോൾ കേജ്‌രിവാളിന്റെ നാവായതും സുനിതയാണ്.
നാളെ ജന്ദർ മന്ദറിൽ നടക്കുന്ന ഉപവാസസമരത്തിലും ശക്തമായ സാന്നിദ്ധ്യമായി സുനിത മുൻനിരയിലുണ്ടാകും. അതേസമയം, കേജ്‌രിവാളിന്റെ കത്ത് സുനിതയുടെ കൈകളിൽ എത്തിയത് എങ്ങനെയെന്നതിൽ തീഹാർ ജയിൽ അധികൃതരുടെ ആഭ്യന്തര അന്വേഷണം നടക്കുകയാണ്.
സെൽ വൃത്തിയാക്കി കേജ്‌രിവാൾ
ജയിലിൽ കേജ്‌രിവാൾ ക്ഷീണിതനാണെന്നാണ് റിപ്പോർട്ടുകൾ. പുലർച്ചെ ഉണരും. സെൽ തൂത്തു വൃത്തിയാക്കും. അതിനു ശേഷം യോഗ. മുറിയിൽ ടി.വിയുമുണ്ട്. പ്രഭാതഭക്ഷണമായി രണ്ട് ബ്രെഡ് മാത്രമാണ് കഴിക്കുന്നത്. ദിവസത്തിന്റെ ഭൂരിഭാഗം സമയവും പുസ്തകവായനയ്ക്കും പ്രാർത്ഥനയ്ക്കുമാണ് ചെലവഴിക്കുന്നത്. സെല്ലിന് പുറത്ത് ഒറ്റയ്ക്ക് നടക്കാനും അനുമതിയുണ്ട്. കേജ്‌രിവാൾ ക്ഷീണിതനായെന്നും ഭാരം കുറഞ്ഞെന്നും മുമ്പ് റിപ്പോർട്ടുകൾ വന്നിരുന്നു.
അതേസമയം, ആഴ്‌ചയിൽ അഞ്ച് ദിവസം അഭിഭാഷകരെ ജയിലിൽ കാണാൻ അനുവദിക്കണമെന്ന കേജ്‌രിവാളിന്റെ അപേക്ഷ ഡൽഹി റൗസ് അവന്യു കോടതി വിധി പറയാൻ മാറ്റി.
ഗൂഢാലോചനയെന്ന് ആരോപണം
കേജ്‌രിവാളിന്റെ അറസ്റ്റ് ബി.ജെ.പിയുടെ ഗൂഢാലോചനയാണെന്ന് കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ സഞ്ജയ് സിംഗ് പ്രതികരിച്ചു. മകൻ മാഗുന്ത രാഘവ റെഡ്ഡിയെ അറസ്റ്റ് ചെയ്തപ്പോഴാണ് ടി.ഡി.പി നേതാവ് മാഗുന്ത ശ്രീനിവാസുലു റെഡ്ഡി കേജ്‌രിവാളിനെതിരെ മൊഴി നൽകിയത്. മോദിയുമായി മാഗുന്ത ശ്രീനിവാസുലു റെഡ്ഡി നിൽക്കുന്ന ഫോട്ടോയും ഉയർത്തിക്കാട്ടി. കേസിനെക്കുറിച്ച് പരാമർശം നടത്തരുതെന്ന ജാമ്യവ്യവസ്ഥ സഞ്ജയ് സിംഗ് ലംഘിച്ചതായി ബി.ജെ.പി ആരോപിച്ചു.