jyoti

മാർവാടി മേഖലയിലെ നാഗൗർ ജില്ലയിലൂടെ കടന്നു പോകുമ്പോൾ റോഡിനു ഇരുവശത്തും ഗോതമ്പ്, കടുക് പാടങ്ങളാണ്. നാഗൗർ ലോക്‌സഭ മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി ജ്യോതി മിർധയുടെ പ്രചാരണം നടക്കുന്നിടത്തേക്ക് ജ്യോതിയുടെ സഹായി ദിനേശ് അയച്ച വാട്ട്‌സാപ്പ് ലൈവ് ലൊക്കേഷന്റെ സഹായത്തോടെ എത്തി.


രാഹുൽ ഗാന്ധി യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായിരിക്കെ രൂപീകരിച്ച 'രാഹുൽ ബ്രിഗേഡി"ലെ അംഗമായിരുന്നു ജ്യോതി. മുൻ പി.സി.സി അദ്ധ്യക്ഷൻ നാഥുറാം മിർധയുടെ കൊച്ചുമകളും എം.ബി.ബി.എസുകാരിയുമാണ്. പ്രമുഖ വ്യവസായിയായ നരേന്ദ്ര ഗെലോട്ടാണ് ജ്യോതിയുടെ ഭർത്താവ്.

മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള ഭിന്നതയെ തുടർന്ന് കോൺഗ്രസ് വിട്ടു. 2009ൽ നഗൗറിൽ കോൺഗ്രസ് ബാനറിൽ ജയിച്ച ജ്യോതി 2014ൽ ബി.ജെ.പിയുടെ സി.ആർ.ചൗധരിയോടും 2019ൽ രാഷ്‌ട്രീയ ലോക്‌താന്ത്രിക് പാർട്ടിയുടെ ഹനുമാൻ ബേനിവാളിനോടും തോറ്റു. എൻ.ഡി.എ വിട്ട് 'ഇന്ത്യ" മുന്നണിക്കായി മത്സരിക്കുന്ന ബേനിവാളാണ് ഇക്കുറി ജ്യോതിയുടെ മുഖ്യ എതിരാളി.

ജാട്ട് നേതാവായ ബേനിവാളിനെ എതിർക്കാൻ അതേസമുദായത്തിൽ നിന്നുള്ള മുൻ കോൺഗ്രസുകാരിയെ കൊണ്ടുവന്നതിൽ ആശങ്കപ്പെടാനില്ലെന്ന് ബി.ജെ.പി നേതാക്കൾ പറയുന്നു. രാജസ്ഥാനിൽ ജനങ്ങൾ നരേന്ദ്രമോദിക്ക് വോട്ടു ചെയ്യുമെന്നാണ് അവരുടെ പ്രതീക്ഷ.

ദദ്‌വാരയിൽ ജ്യോതി കേരളകൗമുദിയോട് സംസാരിച്ചു

?പ്രചാരണം എവിടെവരെയായി

ആളുകളുടെ ആവേശം കണ്ടില്ലേ. കാര്യങ്ങൾ അനുകൂലമാണ്. രാജസ്ഥാനിൽ ബി.ജെ.പി മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കും.

?​പ്രചാരണ വിഷയങ്ങൾ

ഇവിടത്തെ പ്രശ്‌നങ്ങളും കുറവുകളും എനിക്ക് നന്നായി അറിയാം. അടിസ്ഥാന വികസന പ്രശ്‌നങ്ങളുണ്ട്. കാർഷിക, മൃഗക്ഷേമ, ഖനന മേഖലയിലെ പ്രശ്‌നങ്ങൾ, കുടിവെള്ള ക്ഷാമം തുടങ്ങിയവ.

?​എതിരാളി ശക്തനാണല്ലോ

ഹനുമാൻ ബേനിവാൾ കഴിഞ്ഞ തവണ എൻ.ഡി.എ മുന്നണിയുടെ ആനുകൂല്യത്തിലാണ് ജയിച്ചത്. അപ്പുറത്ത് ആരായാലും പ്രശ്‌നമില്ല. ജനങ്ങൾ മോദിജിക്കു വേണ്ടിയാണ് വോട്ടുചെയ്യുന്നത്.

?​അപ്പുറത്ത് 'ഇന്ത്യ" മുന്നണിയാണല്ലോ

ദുർബലരായ രണ്ടുകക്ഷികൾ ഒന്നിക്കുന്നത് വലിയ മാറ്റമുണ്ടാക്കില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിനുശേഷം മുന്നണി എന്താകുമെന്നും പറയാനാകില്ല.

?​എന്തുകൊണ്ട് ബി.ജെ.പി

മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ജനവിരുദ്ധ തീരുമാനങ്ങളാണ് കോൺഗ്രസ് വിടാൻ കാരണം. വേണ്ടപ്പെട്ടവരെ കാര്യങ്ങൾ അറിയിച്ചെങ്കിലും കേട്ടില്ല. ജനങ്ങളുടെ ആവശ്യങ്ങളോട് നേതാക്കൾ മുഖം തിരിച്ചാൽ എന്തുചെയ്യും. യുവ നേതാക്കളെ ഒതുക്കി. ആ സമയത്താണ് ബി.ജെ.പി തന്നെ സമീപിച്ചത്. പ്രാദേശിക കോൺഗ്രസ് നേതാക്കൾക്ക് കാര്യങ്ങൾ അറിയാം.

?​സംഘടന ജനറൽ സെക്രട്ടറി രാജസ്ഥാനിൽ നിന്നുള്ള എം.പിയല്ലേ, ഹൈക്കമ്മാൻഡിനെ അറിയിച്ചില്ലേ

അവർക്കൊന്നും ഇതിൽ പങ്കില്ല. അത് വേറെ തലമാണ്.