
ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡിഷ്യൽ കസ്റ്റഡി കാലാവധി ഈ മാസം 18 വരെ ഡൽഹി റൗസ് അവന്യു കോടതി നീട്ടി. ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് നടപടി. 2023 ഫെബ്രുവരി 26ന് അറസ്റ്രിലായ സിസോദിയ നിലവിൽ തീഹാർ ജയിലിൽ തുടരുകയാണ്. താൻ ഉടൻ പുറത്തുവരുമെന്ന് കഴിഞ്ഞദിവസം സിസോദിയ തന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് കത്തയച്ചിരുന്നു. അതേസമയം, സിസോദിയയുടെ ജാമ്യാപേക്ഷയെ ഇ.ഡി വിചാരണക്കോടതിയിൽ എതിർത്തു. വിചാരണ നീണ്ടുപോകുന്നു എന്നതാണ് ജാമ്യം ലഭിക്കാൻ കാരണമായി സിസോദിയ ചൂണ്ടിക്കാണിച്ചത്. വിചാരണ വൈകൽ പ്രോസിക്യൂഷൻ കാരണമല്ല, പ്രതികളുടെ ഭാഗത്തു നിന്നുള്ള വീഴ്‌ചകൾ കാരണമാണെന്നും ഇ.ഡി വാദിച്ചു. ജാമ്യാപേക്ഷയിൽ അടുത്ത ബുധനാഴ്‌ച വാദം തുടരും. ജാമ്യം കിട്ടി പുറത്തിറങ്ങിയ ആം ആദ്മി പാർട്ടി രാജ്യസഭാ എം.പി സഞ്ജയ് സിംഗ് ഇന്നലെ കോടതിയിലെത്തിയിരുന്നു. അതേസമയം, ബി.ജെ.പിക്കെതിരെ ഇ.ഡി കേസെടുക്കണമെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി ആവശ്യപ്പെട്ടു. ബി.ജെ.പിക്ക് തിരഞ്ഞെടുപ്പ് ബോണ്ട് മുഖേന മദ്യനയക്കേസിലെ മാപ്പുസാക്ഷി കോടികളാണ് സംഭാവന നൽകിയത്. പ്രതിപക്ഷത്തെ നേരിടാൻ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിഷനെ ദുരുപയോഗിക്കുകയാണെന്നും ആരോപിച്ചു.