
ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പൂരിൽ ഇക്കുറി ഭോജ്പൂരി ഗ്ലാമർ താരങ്ങളായ രവി കിഷനും കാജൽ നിഷാദും തമ്മിലാണ് മത്സരം. 1998 മുതൽ 2014 വരെ അഞ്ചുതവണ യോഗി ആദിത്യനാഥിന്റെ കൈയിലായിരുന്നു മണ്ഡലത്തെ യോഗി യു.പി മുഖ്യമന്ത്രിയായതോടെ 2018ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയിലെ പ്രവീൺ നിഷാദ് 21,801 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചുകയറി. എന്നാൽ തൊട്ടടുത്ത വർഷത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ നടൻ രവി കിഷനെ രംഗത്തിറക്കി 3,01,664 വോട്ടിന്റെ വമ്പൻ ഭൂരിപക്ഷത്തിൽ ബി.ജെ.പി തിരികെ പിടിച്ചു.
ഇക്കുറിയും രവി കിഷൻ തന്നെയാണ് ബി.ജെ.പി സ്ഥാനാർത്ഥി. സമാജ് വാദി പാർട്ടിയിലെ ഭോജ്പൂരി താരം കാജൽ നിഷാദാണ് എതിരാളി. 'ഇന്ത്യ" മുന്നണിക്കുകീഴിൽ കോൺഗ്രസ് പിന്തുണയോടെയാണ് മത്സരം. മണ്ഡലത്തിൽ കോൺഗ്രസിന് കാര്യമായ സ്വാധീനം ഇല്ലെങ്കിലും നിർണായക വോട്ടുബാങ്കായ നിഷാദ് സമുദായത്തിലെ അംഗമായ കാജലിനെ രംഗത്തിറക്കിയിരിക്കുന്നത് ഈവോട്ടുകൾ കൂടി കണ്ണുവച്ചാണ്. ജൂൺ ഒന്നിന് ഏഴാം ഘട്ടത്തിലാണ് വോട്ടെടുപ്പ്.
കിഴക്കൻ യു.പിയിലും ബീഹാറിലും ഭോജ്പൂരി സിനിമകൾക്ക് വൻ സ്വാധീനമുണ്ട്. ഭോജ്പൂരിയിലെ താരമാണെങ്കിലും രവി കിഷൻ ഹിന്ദി, ദക്ഷിണേന്ത്യൻ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്പൈഡർമാർ മൂന്നിന്റെ ഭോജ്പൂരി ഡബ് വേർഷനിൽ ശബ്ദം നൽകി ശ്രദ്ധേയനായി. ഒട്ടേറെ റിയാലിറ്റി ഷോകളിൽ അവതാരകനുമായി. 2014 ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2017ൽ ബി.ജെ.പിയിലേക്ക് ചേക്കേറി.
ഭോജ്പൂരി നായിക കാജൽ നിഷാദ്, സബ് ടി.വിയിൽ സംപ്രേഷണം ചെയ്ത ലാപത്താഗഞ്ച് കോമഡി സീരിയലിലെ ചമേലി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയാണ്. 2012ൽ ഗൊരഖ്പൂർ റൂറൽ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
2019ലെ ഫലം
രവി കിഷൻ (ബി.ജെ.പി)- 717,122 വോട്ടുകൾ (60.54 %)
രാം നിഷാദ് (സമാജ് വാദി പാർട്ടി)- 4,15,458 വോട്ടുകൾ (35.07 %)
മധുസൂദൻ ത്രിപാഠി (കോൺഗ്രസ്)- 22,972 വോട്ടുകൾ (1.94 %)
ഫോട്ടോ ക്യാപ്ഷൻ : കാജൽ നിഷാദ്, രവി കിഷൻ