
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ബോണ്ട് നൽകിയ വിവാദ കമ്പനികളിൽ നിന്ന് സി.പി.എമ്മും സംഭാവന വാങ്ങിയിട്ടുണ്ടെന്ന ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ ആരോപണത്തിന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മറുപടി. കമ്പനികളിൽ നിന്ന് സംഭാവന ലഭിച്ചിട്ടുണ്ടെന്നും ഇത് നിയമപരമായിട്ടാണെന്നും യെച്ചൂരി പറഞ്ഞു. അങ്ങനെ സ്വീകരിക്കുന്നതിൽ തെറ്റെന്താണ്? തിരഞ്ഞെടുപ്പ് കമ്മിഷന് ഈവിവരങ്ങൾ നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ബോണ്ട് ഭരണഘടന വിരുദ്ധമാണെന്ന നിലപാടുള്ളതിനാൽ അതുമുഖേന സംഭാവന സ്വീകരിച്ചിട്ടില്ലെന്നും യെച്ചൂരി വ്യക്തമാക്കി. വിവാദ കമ്പനികളായ മേഘാ എൻജിനിയറിംഗ്, നവയുഗ എൻജിനിയറിംഗ് തുടങ്ങിയവയിൽ നിന്ന് സി.പി.എം സംഭാവന വാങ്ങിയിട്ടുണ്ടെന്നായിരുന്നു ഷിബു ബേബി ജോണിന്റെ ആരോപണം.