
രാജസ്ഥാനിലെ അജ്‌മീർ ജില്ലയിൽ ആരവല്ലി മലനിരകളാൽ ചുറ്റപ്പെട്ട വിനോദസഞ്ചാര സ്ഥലമായ പുഷ്കറിലായിരുന്നു ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനത്തെ മൂന്നാമത്തെ റാലി. നാഗൗർ സ്ഥാനാർത്ഥി ജ്യോതി മിർധ, അജ്‌മീർ സ്ഥാനാർത്ഥി ഭഗീരഥ് ചൗധരി എന്നിവർക്കുവേണ്ടി വോട്ടഭ്യർത്ഥിക്കാനാണ് അദ്ദേഹം എത്തിയത്. അയൽ ജില്ലയായ ചുരുവിലായിരുന്നു കഴിഞ്ഞ ദിവസത്തെ റാലി. മേഖലയിലെ സീറ്റുകൾ ബി.ജെ.പിക്ക് അത്രനിർണായകമാണ്.
പ്രശസ്‌തമായ പുഷ്കർ മേള നടക്കുന്ന മൈതാനത്ത് മൂന്ന് കൂറ്റൻ പന്തലുകൾ നിർമ്മിച്ചാണ് വേദിയൊരുക്കിയത്. ഉച്ചയ്‌ക്ക് 2.30ന് മോദി എത്തുമെന്ന് അനൗൺസ്മെന്റ് വന്നു. 12മണിയോടെ നാഗൗർ, അജ്‌മീർ ജില്ലകളിലെ ഗ്രാമീണരടക്കം പതിനായിരങ്ങൾ സദസിൽ നിറഞ്ഞു. പരമ്പരാഗത രാജസ്ഥാനി തലപ്പാവു ധരിച്ച പുരുഷൻമാരും പലവർണ്ണങ്ങളിലുള്ള സാരിക്കൊപ്പം പ്രത്യേക മുഖപടമണിഞ്ഞ വനിതകളും ബി.ജെ.പി പതാകയും മോദിയുടെ ചിത്രമുള്ള പ്ളക്കാർഡുമേന്തി ആവേശത്തോടെ കാത്തിരുന്നു. മോദി മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും അതിനായി തങ്ങൾ വോട്ടുകുത്തുമെന്നും പറയുമ്പോൾ വനിതകൾ അടക്കമുള്ളവർ ആവേശത്തിൽ.
ഉച്ചയ്‌ക്ക് 2.30ന് മൈതാനത്തിന് വെളിയിൽ സജ്ജമാക്കിയ ഹെലിപ്പാടിൽ മൂന്ന് ഹെലികോപ്‌റ്ററുകൾ ഇരമ്പിയിറങ്ങി. മൈതാനത്ത് ഹർഷാരവമുയർന്നു. അഞ്ച് മിനിട്ടിനുള്ളിൽ ബഹുവർണ്ണ രാജസ്ഥാൻ തലപ്പാവ് ധരിച്ച് കൈവീശി മോദി വേദിയിലേക്ക്. അതോടെ സദസ് ഇളകി മറിഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ, സംസ്ഥാന അദ്ധ്യക്ഷൻ സി.പി.ജോഷി എന്നിവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
2.45ഓടെ മോദി രാജസ്ഥാനിലെ സഹോദരി സഹോദരൻമാരെ എന്ന് അഭിസംബോധന ചെയ്തുള്ള പ്രസംഗം തുടങ്ങിയപ്പോൾ സദസിൽ 'മോദി മോദി" ആരവം. കേന്ദ്രസർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികൾ വിവരിച്ചും കോൺഗ്രസിനെതിരെ ആഞ്ഞടിച്ചുമുള്ള വാക്കുകൾ. നടപ്പാക്കിയതെല്ലാം വെറും ട്രെയിലർ മാത്രമാണെന്നും മൂന്നാം മോദി സർക്കാരിലൂടെയാണ് ശരിക്കുള്ളവ വരാനിരിക്കുന്നതെന്നും വാഗ്‌ദാനം. അതോടെ പ്രവർത്തകരുടെ ആവേശം കൊടുമുടിയിലെത്തി. പ്രസംഗത്തിലുടനീളം പലകുറി 'മോദി ഗ്യാരണ്ടി" ആവർത്തിച്ചു.
'നിങ്ങളുടെ സ്വപ്നം മോദിയുടെ സങ്കല്പം"
ഇപ്പോൾ തനിക്കുവേണ്ടി വോട്ടുചെയ്‌താൽ അതിന്റെ ഫലം അടുത്ത നൂറു വർഷത്തേക്കാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നിങ്ങളുടെ സ്വപ്‌നങ്ങളാണ് മോദിയുടെ സങ്കല്പം. രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയില്ലേ, 370-ാം വകുപ്പ് റദ്ദാക്കിയില്ലേ എന്നീ ചോദ്യങ്ങൾ. പ്രാണപ്രതിഷ്‌ഠ ചടങ്ങ് ബഹിഷ്‌കരിച്ച കോൺഗ്രസിനെ പാഠം പഠിപ്പിക്കണമെന്ന് ആഹ്വാനം. പ്രതിപക്ഷം കുടുംബവാഴ്‌ചയും അഴിമതിയും പ്രോത്‌സാഹിപ്പിക്കുന്നുവെന്ന് ആരോപണം.
കോൺഗ്രസിന്റെ പ്രകടന പത്രികയിൽ ഭൂരിഭാഗവും സ്വാതന്ത്ര്യം ലഭിച്ച സമയത്ത് പാക് മുസ്ളിം ലീഗ് എടുത്തപോലുള്ള രാജ്യത്തെ വിഘടിപ്പിക്കാനുള്ള നിർദ്ദേശങ്ങളാണെന്ന് വിമർശനം. ബാക്കി നിർദ്ദേശങ്ങൾ ഇടതു ചിന്താഗതികൾക്കൊപ്പമാണെന്നും മോദി കുറ്റപ്പെടുത്തി. മോദിക്കുതന്നെ വോട്ടു ചെയ്യണമെന്ന് ഓർമ്മപ്പെടുത്തി ഒരു മണിക്കൂർ നീണ്ട പ്രസംഗം അവസാനിപ്പിച്ചു. പ്രസംഗത്തിനുശേഷം വേദി വിട്ട് ഹെലികോപ്ടറിലേക്ക്.