
ന്യൂഡൽഹി: മദ്ധ്യപ്രദേശിലെ 29 ലോക്‌സഭ മണ്ഡലങ്ങളിൽ കോൺഗ്രസിന്റേതായി അവശേഷിക്കുന്ന ഏക മണ്ഡലമാണ് ചിന്ത്‌വാര. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ കമൽനാഥിന്റെ പുത്രൻ നകുൽ നാഥിലൂടെയാണ് മണ്ഡലം കോൺഗ്രസ് പിടിച്ചുനിറുത്തുന്നത്. ഇക്കുറിയും നകുൽനാഥ് തന്നെയാണ് സ്ഥാനാർത്ഥി.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് പുറത്തുവന്ന ചില രാഷ്‌ട്രീയ നീക്കങ്ങൾ മണ്ഡലത്തിന്റെ ഭാവിയെ തന്നെ മാറ്റി മറിച്ചേക്കുമായിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വീണ്ടും ആധിപത്യം തെളിയിച്ചതിനുപിന്നാലെ മാർച്ചിലാണ് കമൽനാഥും മകനും കോൺഗ്രസ് വിടുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചത്. തോൽവിയെത്തുടർന്ന് കമൽനാഥിനെ പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. ഇതിൽ നിരാശനായ കമൽനാഥിനെ ബി.ജെ.പി വലയിലാക്കിയെന്നായിരുന്നു അഭ്യൂഹങ്ങൾ. കമൽനാഥ് ഡൽഹിയിൽ ബി.ജെ.പി നേതൃത്വവുമായി ചർച്ച നടത്തിയെന്നുവരെ വാർത്തകൾ പ്രചരിച്ചു.
നകുൽനാഥ് സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ നിന്ന് 'കോൺഗ്രസ്" ഒഴിവാക്കിയതും അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു. ചിന്ത്‌വാരയിലെ കോൺഗ്രസ് പ്രവർത്തകരുമായി ചർച്ച നടത്തിയ ശേഷമാണ് കമൽനാഥ് ഡൽഹിയിലെത്തിയതും. ചില കോൺഗ്രസ് നേതാക്കൾ പാർട്ടിയിലെത്തുമെന്ന് മദ്ധ്യപ്രദേശ് ബി.ജെ.പി അദ്ധ്യക്ഷൻ വി.ഡി.ശർമ്മ പറഞ്ഞിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. കമൽനാഥും മകനും കോൺഗ്രസിൽ ഉറച്ചുനിന്നു. 19ന് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ചിന്ത്‌വാരയിൽ നകുൽനാഥിനെ സ്ഥാനാർത്ഥിയാക്കി. ബി.ജെ.പിയുടെ വിവേക് ബണ്ടി സാഹുവാണ് മുഖ്യ എതിരാളി.
2020ൽ ജ്യോതിരാദിത്യ സിന്ധ്യയെ കരുവാക്കി ബി.ജെ.പി നടത്തിയ നീക്കത്തിലൂടെയാണ് കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ താഴെവീണത്. കമൽനാഥുമായി ഭിന്നതയിലായിരുന്ന സിന്ധ്യയുടെ അനുയായികളായ എം.എൽ.എമാർ അന്ന് രാജിവച്ചു. ബി.ജെ.പിയിലെത്തിയ ശേഷം രാജ്യസഭാംഗവും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ ഇക്കുറി തന്റെ പഴയ ലോക്‌സഭ മണ്ഡലമായ ഗുണയിൽ മത്സരിക്കുന്നുണ്ട്. (2014ൽ ചിന്ത്‌വാരയ്‌ക്കൊപ്പം കോൺഗ്രസ് ജയിച്ച മണ്ഡലമാണ് ഗുണ.)
മദ്ധ്യപ്രദേശ് രാഷ്‌ട്രീയത്തിലെ അതികായനായ കമൽനാഥിന്റെ ഉയർച്ചകളെല്ലാം ചിന്ത്‌വാരയിലൂടെയായിരുന്നു. 1996, 1997 ഒഴികെ 1980 മുതൽ 2014 വരെ തുടർച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ചു. മുഖ്യമന്ത്രി പദത്തിലേറിയതിനെ തുടർന്ന് 2019ൽ മകൻ നകുൽനാഥ് സ്ഥാനം ഏറ്രെടുത്തു. 1996ൽ കമൽനാഥിന്റെ ഭാര്യ അൽക്കാ നാഥും മത്സരിച്ചു. 1997ൽ നടന്ന തിരഞ്ഞെടുപ്പിൽ മാത്രമാണ് അദ്ദേഹം തോറ്റത്. മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ സുന്ദർലാൽ പട്‌വയിലൂടെ അന്ന് ബി.ജെ.പി ആദ്യമായി മണ്ഡലത്തിൽ ജയിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി ബി.ജെ.പി ആധിപത്യം മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിക്കുന്നുണ്ട്.
2019ലെ ഫലം
നകുൽനാഥ് (കോൺഗ്രസ്): 5,47,305 (47.06%)
നഥാൻ ഷാ (ബി.ജെ.പി): 5,09,769 (44.05%)
മൻമോഹൻ ഷാ (എ.ബി.ജി.പി): 35,968 (2.88%)
ഗ്യാനേശ്വർ ഗജിബിയേ (ബി.എസ്.പി): 14,275 (1.14%)